സോഷ്യല്‍മീഡിയ ഹര്‍ത്താല്‍പിടിയിലാവുംവരെ അമര്‍നാഥ് പ്രചാരണം നടത്തി

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: കഠ്‌വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത മുഖ്യപ്രതി സംഘപരിവാരപ്രവര്‍ത്തകനായ കൊല്ലം തെന്‍മല ഉറുകുന്ന് കോളനിയിലെ അമര്‍നാഥ്(20) ഹര്‍ത്താല്‍ വിവാദമായതിനു ശേഷവും ഗ്രൂപ്പിലേക്ക് ആളുകളെ ക്ഷണിച്ചു. വോയ്‌സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്‌സ് എന്നീ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് അമര്‍നാഥ് ഹര്‍ത്താല്‍ പ്രചാരണത്തിനു തുടക്കമിട്ടത്. ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്‌സ് എന്ന ഗ്രൂപ്പിന്റെ ആദ്യ പേര് ജസ്റ്റിസ് ഫോര്‍ ആസിഫ എന്നായിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗ്രൂപ്പിന്റെ പേര്  മാറ്റിയത്. നിരവധി ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലെ അംഗമാണ് അമര്‍നാഥ്. ഈ ഗ്രൂപ്പിലാണ്  പ്രതിഷേധത്തിന് അമര്‍നാഥ് ആദ്യം ആഹ്വാനം ചെയ്തത്.ഇതില്‍ അംഗങ്ങളായ മറ്റുള്ളവര്‍ മറ്റ് ഗ്രൂപ്പിലേക്ക് ഇത് ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. ഇതില്‍ ഉള്‍പ്പെട്ടവരാണ് അമര്‍നാഥിനൊപ്പം ഇപ്പോള്‍ അറസ്റ്റിലായത്. ഏപ്രില്‍ 16ന് ഹര്‍ത്താല്‍ നടത്തണമെന്ന ആഹ്വാനം ഇതിന് രണ്ട് ദിവസം മുമ്പാണ് പ്രചരിപ്പിച്ചത്. ഇത് അമര്‍നാഥ് തന്റെ ഗ്രൂപ്പ് വഴി പരമാവധി ഷെയര്‍ ചെയ്യുകയും ചെയ്തു. ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ നടന്ന ശേഷവും ഈ ഗ്രൂപ്പിലേക്ക് അമര്‍നാഥ് ആളുകളെ ക്ഷണിച്ചിരുന്നു.
ജാതിയും മതവും രാഷ്ട്രീയവും ചര്‍ച്ചചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞാണ് ആളുകളെ ക്ഷണിച്ചിരുന്നതെങ്കിലും വര്‍ഗീയ നിലപാടുകള്‍ ഈ ഗ്രൂപ്പില്‍ അമര്‍നാഥ് സ്വീകരിച്ചിരുന്നതായാണു വിവരം. ഈ ഗ്രൂപ്പിനെ പറ്റി പോലിസ് അന്വേഷണം നടക്കുന്നുവെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഗ്രൂപ്പിലെ മുഴുവന്‍ വിവാദ പോസ്റ്റുകളും അമര്‍നാഥ് മായ്ച്ചുകളഞ്ഞു. കൂടാതെ ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലെ 2015 ജനുവരി 15നു ശേഷമുള്ള മുഴുവന്‍ വിവരങ്ങളും മായ്ച്ചുകളഞ്ഞു. സംഘപരിവാര കുടുംബത്തിലെ അംഗമായിരുന്ന അമര്‍നാഥ് സ്‌കൂള്‍ പഠനകാലം മുതല്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് ബിജെപിയുടെ പ്രാദേശിക നേതാവായിരുന്നു. ഒന്നര മാസം മുമ്പ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ അമര്‍നാഥ് ആര്‍എസ്എസ് വിടുകയും ശിവസേനയില്‍ ചേരുകയും ചെയ്തു. ശിവസേനയുടെ പുനലൂര്‍ മണ്ഡലം ഭാരവാഹി കൂടിയാണ് അമര്‍നാഥ്.

RELATED STORIES

Share it
Top