സോഷ്യല്‍മീഡിയ ഹര്‍ത്താല്‍: പോലിസ് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നു- എസ്ഡിപിഐ

കുമ്പള: കഠ്‌വ, ഉന്നാവ വിഷയങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞതിന് കുമ്പള സ്‌റ്റേഷന്‍ പരിധിയില്‍ അറസ്റ്റിലായവര്‍ക്ക് എസ്ഡിപിഐയുമായി ബന്ധില്ലെന്നും എന്നാല്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് പോലിസ് എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കി അവഹേളിക്കുകയാണെന്നും എസ്ഡിപിഐ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കുമ്പള സ്‌റ്റേഷനില്‍ മുമ്പും പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലാത്ത കുറ്റവാളികളേയും കുറ്റകൃത്യങ്ങളേയും പാര്‍ട്ടിയുടെ മേലില്‍ വച്ച് കെട്ടിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.
ഇത് കുമ്പള സ്‌റ്റേഷനിലെ സ്ഥിരം പരിപാടിയാണെന്നും ഭരണ-സംഘി വിഭാഗത്തിന്റെ ആജ്ഞാനുവര്‍ത്തികളായി പാര്‍ട്ടിയെ പൊതു സമൂഹത്തില്‍ മോശമായി ചിത്രീകരിക്കുന്ന പ്രവൃത്തികളാണ് കുമ്പള പോലിസ് നടത്തുന്നതെന്നും ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ പറഞ്ഞു. ജനാധിപത്യ-മതേതര സമൂഹത്തില്‍ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അവകാശത്തേയാണ് കുമ്പള പോലിസ് തടസ്സപ്പെടുത്തുന്നത്.
പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പോലിസ് പിന്തിരിയണമെന്നും സംഘി-ഭരണ വര്‍ഗത്തിന്റെ ആജ്ഞാനുവര്‍ത്തികളായി പാര്‍ട്ടിയെ അപകീര്‍ത്തീപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് മജീദ് പാവള, സെക്രട്ടറി അന്‍സാര്‍ ഹൊസങ്കടി, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് കുമ്പള സംബന്ധിച്ചു.

RELATED STORIES

Share it
Top