സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ശതാബ്ദി ആചരണം തൊടുപുഴയില്‍തൊടുപുഴ: എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 18,19,20 തീയതികളില്‍ മഹത്തായ റഷ്യന്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ശതാബ്ദി ആചരണം വിവിധ പരിപാടികളോടെ തൊടുപുഴയില്‍ സംഘടിപ്പിക്കും. ആചരണത്തിന്റെ ഭാഗമായുള്ള മാനവശക്തി എന്ന ചരിത്രപ്രദര്‍ശനം മൂന്നു ദിവസവും തൊടുപുഴ ഗാന്ധി സ്‌ക്വയറിനു സമീപം നടക്കും.  ചിത്രങ്ങള്‍, ഫോട്ടോകള്‍, ചരിത്രരേഖകള്‍, ഉദ്ധരണികള്‍, സ്ഥിതിവിവരങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെ, ലെനിന്‍ നയിച്ച നവംബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ചരിത്രവും പാഠങ്ങളും മാനവശക്തി പ്രദര്‍ശനം അവതരിപ്പിക്കുന്നു. ലോകത്തെ പിടിച്ചുകുലുക്കിയ നവംബര്‍ വിപ്ലവദിനങ്ങള്‍, സോഷ്യലിസ്റ്റ് വിപ്ലവം റഷ്യയിലെ അദ്ധ്വാനിക്കുന്ന ജനങ്ങളുടെ ജീവിതത്തില്‍ വരുത്തിയ വിസ്മയകരമായ പുരോഗതി, ആധുനിക ചരിത്രത്തിലാദ്യമായി എല്ലാ രംഗങ്ങളിലും പുരുഷന്റേതിന് തുല്യമായ സ്ഥാനം സ്ത്രീക്കും നല്‍കിക്കൊണ്ട് സ്ത്രീവിമോചനം സാദ്ധ്യമാക്കിയതിന്റെ നിദര്‍ശനങ്ങള്‍ എന്നിങ്ങനെ സോവിയറ്റ് യൂണിയന്റെ ചരിത്രത്തിലെ തിളങ്ങുന്ന ഒട്ടനവധി ഏടുകള്‍ ഈ പ്രദര്‍ശനം അവതരിപ്പിക്കുന്നു. രണ്ടാം ലോകയുദ്ധത്തില്‍ ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് അക്രമി സേനയെ മഹാനായ സ്റ്റാലിന്റെ നേതൃത്വത്തില്‍ പരാജയപ്പെടുത്തിക്കൊണ്ട് സോവിയറ്റ് യൂണിയന്‍ ലോകജനതയെ മോചിപ്പിച്ചതിന്റെ ഐതിഹാസിക ചരിത്രവും  പ്രദര്‍ശനം ചര്‍ച്ച ചെയ്യുന്നു. യുഗനിര്‍ണ്ണായകമായ ഒരു വിപ്ലവത്തെയും അത് സമൂഹത്തില്‍ സൃഷ്ടിച്ച പുരോഗമനോന്മുഖമായ തുടര്‍ചലനങ്ങളെയും നൂറ്റിയമ്പതോളം ഫ്രെയ്മുകളിലൂടെ അവതരിപ്പിക്കുന്ന ഈ പ്രദര്‍ശനം സത്യാന്വേഷികള്‍ക്ക് ദിശാസൂചകമാണ്. സൗജന്യമായി പ്രവേശനമുള്ള പ്രദര്‍ശനം എല്ലാ ദിവസവും രാവിലെ 8ന് ആരംഭിച്ച് രാത്രി ഒമ്പതിന് അവസാനിക്കും. ചരിത്രപ്രദര്‍ശനം എസ്.യുസി.ഐ (കമ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയംഗം ടി കെ സുധീര്‍കുമാര്‍ 18ന് രാവിലെ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5 മണിക്ക് ഉല്‍ഘാടനസമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയംഗം സിബി സി മാത്യു അദ്ധ്യക്ഷത വഹിക്കും. എസ്.യുസി.ഐ (കമ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റംഗം ജയ്‌സണ്‍ ജോസഫ് മുഖ്യപ്രസംഗം നടത്തും. 19ന് വൈകിട്ട് 5 മണിക്ക് സോഷ്യലിസവും ലോകസമാധാനവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം ജി എസ് പത്മകുമാര്‍ വിഷയാവതരണം നടത്തും. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ സംസാരിക്കും.

RELATED STORIES

Share it
Top