സോളാര്‍ തട്ടിപ്പ്, ജുഡീഷ്യല്‍ കമ്മീഷന്‍ നടപടികളില്‍ അപാകതയില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ നടപടികളില്‍ അപാകതയില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തനിക്കെതിരേ റിപോര്‍ട്ടിലുള്ള പ്രതികൂല പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ ഹരജിയിലാണു വിശദീകരണം. കമ്മീഷന്റെ നടപടികളുമായി പൂര്‍ണമായും സഹകരിച്ച ഹരജിക്കാരന്‍ കമ്മീഷന്‍ റിപോര്‍ട്ട് നല്‍കിയ ശേഷമാണ് ആരോപണവുമായി രംഗത്തെത്തിയതെന്നും അതുവരെ കമ്മീഷന്‍ ടേംസ് ഒാഫ് റഫറന്‍സ് മറി കടന്നെന്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ആഭ്യന്തര അണ്ടര്‍ സെക്രട്ടറി എസ് ഉദയകുമാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് രാഷ്ട്രീയനേതാക്കളെ സംരക്ഷിക്കുന്ന നിലപാട് അന്വേഷണസംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ സ്വീകരിച്ചെന്ന് കമ്മീഷന്‍ റിപോര്‍ട്ടിലുണ്ട്.
ടേംസ് ഒാഫ് റഫറന്‍സ് കമ്മീഷന്‍ സ്വന്തം നിലയ്ക്ക് വിപുലമാക്കിയെന്നും തിരുത്തിയെന്നുമുള്ള ആരോപണം ശരിയല്ല. കമ്മീഷന്‍ പരിഗണനാവിഷയങ്ങള്‍ സംഗ്രഹിക്കുകയാണു ചെയ്തത്. ഒരു പ്രതിയുടെ കത്തിനെ ചുറ്റിപ്പറ്റി റിപോര്‍ട്ട് തയ്യാറാക്കിയെന്ന ആരോപണവും ശരിയല്ല.
ആരോപണങ്ങളുടെ നിജസ്ഥിതി അറിയാന്‍ മാത്രമാണ് കമ്മീഷന്‍ കത്തിനെ ആശ്രയിച്ചത്. ഹരജിക്കാരന്റെ യശസ്സിനെ ബാധിക്കുന്നതാണെന്ന കാരണത്താല്‍ കമ്മീഷന്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ല. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സ്റ്റാഫിലെ അംഗങ്ങളും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തട്ടിപ്പുകാരെ സഹായിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകാര്‍ രൂപം നല്‍കിയ ടീം സോളാര്‍ എന്ന കമ്പനിയുടെ വിവിധ പരിപാടികളുമായി അന്നത്തെ മന്ത്രിമാര്‍, ഭരണപക്ഷ എംഎല്‍എമാര്‍ തുടങ്ങിയവര്‍ സഹകരിച്ചിരുന്നു.
ഉമ്മന്‍ചാണ്ടിയും അന്നത്തെ ചില മന്ത്രിമാരും തങ്ങളുടെ അടുപ്പക്കാരാണെന്നു വ്യക്തമാക്കിയാണ് പ്രതികള്‍ തട്ടിപ്പു നടത്തിയത്. ഇവരുമായി തട്ടിപ്പുകാര്‍ക്ക് ബന്ധമുണ്ടെന്ന വിവരവും ടെലിഫോണ്‍ കോള്‍രേഖകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സോളാര്‍ തട്ടിപ്പിലെ ഒരു പ്രതി തന്നെ പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കാലത്ത് പുറത്തുവിട്ടു. താനും തന്റെ മന്ത്രിസഭയിലെ ചില അംഗങ്ങളും തന്റെ ഓഫിസും ഉള്‍പ്പെട്ട ആരോപണങ്ങളടക്കം അന്വേഷിക്കുമെന്ന് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞെങ്കിലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാനാണു പ്രത്യേകാന്വേഷണസംഘത്തിന് അനുമതി നല്‍കിയത്.
2013 ഒക്ടോബര്‍ 29നാണ് സോളാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പ്രത്യേകാന്വേഷണസംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കമ്മീഷന്‍ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ല. കമ്മീഷന്റെ കണ്ടെത്തലുകള്‍ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. റിപോര്‍ട്ടില്‍ പേര് പരാമര്‍ശിക്കുന്ന വ്യക്തികളുടെ അവകാശങ്ങള്‍ കമ്മീഷന്‍ ലംഘിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

RELATED STORIES

Share it
Top