സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: സോളാര്‍ തട്ടിപ്പ് അന്വേഷിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ റിപോര്‍ട്ട് റദ്ദാക്കണമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ആവശ്യം ഹൈക്കോടതി തള്ളി. എന്നാല്‍, കേസില്‍ പ്രതിയായ സരിത എസ് നായരുടെ, ലൈംഗിക ആരോപണങ്ങളടങ്ങിയ കത്ത് അടിസ്ഥാനമാക്കി കമ്മീഷന്‍ നടത്തിയ കണ്ടെത്തലുകളും ശുപാര്‍ശകളും അടങ്ങുന്ന ഭാഗം റദ്ദാക്കി. നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാലാണ് ഇതു റദ്ദാക്കിയത്. ഈ ഭാഗം ഒഴിവാക്കിയുള്ള റിപോര്‍ട്ടില്‍ സര്‍ക്കാരിന് നിയമപരമായ നടപടി സ്വീകരിക്കാം. കമ്മീഷന്‍ റിപോര്‍ട്ട് സംബന്ധിച്ചു സര്‍ക്കാര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പുകള്‍ പുനപ്പരിശോധിക്കണമെന്നും 65 പേജുള്ള ഉത്തരവില്‍ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
സരിത എസ് നായരുടെ കത്തുമായി ബന്ധപ്പെട്ട ഭാഗം ഒഴിവാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം മാത്രമാണ് കോടതി അംഗീകരിച്ചത്. ഈ ഭാഗം ഉമ്മന്‍ചാണ്ടിയുടെ അന്തസ്സിനെയും മൗലികാവകാശത്തെയും ബാധിക്കുന്നതാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഹരജി പൂര്‍ണമായി തള്ളുകയും ചെയ്തു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ തെറ്റായ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയെന്നാണ് തിരുവഞ്ചൂരിനെതിരേ ഉന്നയിച്ചിരുന്ന ആരോപണം. കേസില്‍ കക്ഷി ചേരാന്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍, ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍, സി എല്‍ ആന്റോ, സരിത എസ് നായര്‍, രഘുനാഥന്‍ എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷകളും കോടതി തള്ളി.
വ്യക്തമായ അഭിപ്രായം രൂപീകരിക്കാതെയാണ് കമ്മീഷന്‍ രൂപീകരിച്ചതെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം കോടതി തള്ളി. കമ്മീഷന്‍ രൂപീകരണസമയത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും തിരുവഞ്ചൂര്‍ മന്ത്രിയുമായിരുന്നു. അതിനാല്‍, മതിയായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കമ്മീഷന്‍ രൂപീകരിച്ചതെന്ന വാദമുയര്‍ത്താന്‍ ഇവര്‍ക്കു കഴിയില്ലെന്ന് കോടതി പറഞ്ഞു.
സോളാര്‍ പാനലും കാറ്റാടിയന്ത്രങ്ങളും സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി സരിതയും ബിജു രാധാകൃഷ്ണനും തട്ടിപ്പു നടത്തിയെന്ന കേസുകളാണ് സോളാര്‍ തട്ടിപ്പായി അറിയപ്പെടുന്നത്. ഇതിന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫിസില്‍ നിന്നും പ്രമുഖ രാഷ്ട്രീയനേതാക്കളില്‍ നിന്നും പിന്തുണയുണ്ടായതായും ആരോപിക്കപ്പെടുന്നു.

RELATED STORIES

Share it
Top