സോളാര്‍ കമ്മീഷനെതിരേ ഹൈക്കോടതി; സിഡി കണ്ടെത്താന്‍ കൊണ്ടുപോയത് നിയമാനുസൃതമല്ല

കൊച്ചി: സോളാര്‍ സാമ്പത്തിക തട്ടിപ്പുകേസ് പ്രതി ബിജു രാധാകൃഷ്ണനെ വിവാദ സിഡി കണ്ടെത്താന്‍ കോയമ്പത്തൂരില്‍ കൊണ്ടുപോയതിനു സോളാര്‍ കമ്മീഷനു ഹൈക്കോടതിയുടെ വിമര്‍ശനം.
പ്രതിയെ കൊണ്ടുപോയത് നിയമാനുസൃതമല്ല. കൊലക്കേസില്‍ പ്രതിയായ ബിജു രാധാകൃഷ്ണനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത് സെഷന്‍സ് കോടതിയാണ്. കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനു പുറത്തു കൊണ്ടുപോകുന്നതിനു മുമ്പ് സെഷന്‍സ് കോടതിയുടെ അനുമതി വാങ്ങണം. അതില്ലാതെ സിഡി കണ്ടെത്താനെന്ന പേരില്‍ കോയമ്പത്തൂരിലേക്കു കൊണ്ടുപോയത് ന്യായീകരിക്കാനാവില്ല. മാത്രമല്ല, പൊതുഖജനാവിലെ പണമാണ് ഇതിനു വേണ്ടി ചെലവഴിച്ചത്. കമ്മീഷന്റെ നടപടി നീതീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ബി കെമാല്‍പാഷ വ്യക്തമാക്കി.
സിഡി ഗള്‍ഫിലോ അമേരിക്കയിലോ ആണെന്ന് അവകാശപ്പെട്ടാല്‍ ഇയാളെ അവിടേക്കയക്കുമോ എന്നും കോടതി ചോദിച്ചു. കമ്മീഷന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. കമ്മീഷന്റെ നടപടിക്കെതിരേ നിയമപരമായി പ്രതികരിച്ച മന്ത്രിയെ കടന്നാക്രമിക്കുന്നത് ശരിയല്ലെന്നും മന്ത്രി നിയമമാണ് പറഞ്ഞതെന്നും കോടതി പറഞ്ഞു.
സോളാര്‍ തട്ടിപ്പുകേസിലെ ആദ്യപരാതിക്കാരനായ പെരുമ്പാവൂര്‍ സ്വദേശി സജ്ജാദ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കമ്മീഷനെ കോടതി വിമര്‍ശിച്ചത്. പ്രതികള്‍ ഹാജരാവാത്തതിനാല്‍ കേസിന്റെ വിചാരണ മുടങ്ങുന്നുവെന്ന് പരാതിപ്പെട്ടാണ് സജ്ജാദ് കോടതിയെ സമീപിച്ചത്. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സജ്ജാദ് പരാതിക്കാരനായ കേസില്‍ ബിജു രാധാകൃഷ്ണനെ ഹാജരാക്കാത്ത പൂജപ്പുര ജയില്‍ സൂപ്രണ്ടിന്റെ നടപടിയില്‍ ഹൈക്കോടതി വിശദീകരണം തേടി. കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ഹാജരാക്കാതെയാണ് സിഡി പിടിച്ചെടുക്കല്‍ പോലുള്ള പരിപാടികള്‍ക്ക് പ്രതിയെ കൊണ്ടുനടക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

RELATED STORIES

Share it
Top