സോളാര്‍ അഴിമതിയെച്ചൊല്ലി ചിറ്റൂര്‍ നഗരസഭാ യോഗത്തില്‍ ബഹളം

ചിറ്റൂര്‍: സോളാര്‍ അഴിമതിയെച്ചൊലി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം.സോളാര്‍ വിഷയത്തില്‍ അഴിമതി പരിശോധിക്കുന്നതിനു പകരം മുനിസിപ്പല്‍ എഞ്ചിനിയര്‍ കരാറുക്കാരനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപം. സോളാര്‍ ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാറിലെ ലക്ഷങ്ങളുടെ അഴിമതിയും കരാറുക്കാരന്റെ പ്രവര്‍ത്തിയിലും അപാകതയും ചൂണ്ടികാട്ടി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയപ്പോഴും കരാറുക്കാരനെ സംരക്ഷിക്കുന്ന നിലപാടുമായി മുനിസിപ്പല്‍ എന്‍ജിനീയര്‍ രംഗത്ത്. പിന്നിട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാമെന്ന് ചെയര്‍മാന്‍ ഉറപ്പു നല്‍കി. ഇല്ലാത്ത കമ്പനിയുടെ പേരില്‍ കരാര്‍ നല്‍കിയത് ലക്ഷക്കണക്കിനു രൂപയുടെ അഴിമതിക്ക് വഴിവച്ചു.
43 ലക്ഷം രൂപയുടെ കരാറില്‍ യതൊന്നും വ്യാവസ്ഥ ചെയ്യാത്തത് കരാറുക്കാരനെ സഹായിക്കാനാണെന്നും പത്രങ്ങളില്‍ വാര്‍ത്ത വന്നതിനു ശേഷം മാത്രമാണ് കരാറുകാരന്‍ സോളര്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയതു തന്നെ ചില വ്യക്തികള്‍ക്ക് അഴിമതി നടത്താന്‍ വേണ്ടി സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കുകയാണ് ചെയ്തു വരുന്നതെന്നും പ്രതിപക്ഷ അംഗങ്ങള്‍ അറിയിച്ചു. നാടൊന്നായി പ്രളയബാധിതരെ സഹായിക്കുന്നതിനായി അകമൊഴിഞ്ഞ പിന്തുണ നല്‍കിയപ്പോഴും ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കുന്നതിനായി മന്ത്രി എ കെ ബാലന്‍ ചിറ്റൂരിലെത്തിയപ്പോ ള്‍ വെറും 19,800 നല്‍കിയത് നഗരസഭയുടെ പേരിനു തന്നെ കളങ്കമായി തീര്‍ന്നെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.
കൂടാതെ പ്രതിപക്ഷ അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും യോഗത്തില്‍ പ്രഖ്യാപിച്ചു. മുഖം രക്ഷിക്കുന്നതിന് വേറെ മാര്‍ഗ്ഗം ഇല്ലാതെ വന്നതോടെ തൊട്ടുപിന്നാലെ തന്നെ മറ്റു കൗണ്‍സിലര്‍മാരുടെയും ഒരു മാസത്തെ ഓണറേറിയം നല്‍കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
പ്രളയബാധിതര്‍ക്കായി സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും പിരിക്കുന്ന തുകയുടെ അന്‍പത് ശതമാനം തുക നഗരസഭ മുഖാന്തിരം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചെയര്‍മാന്‍ നല്‍കിയ സര്‍ക്കുലറും മോശമായി പോയെന്നും അഭിപ്രായമുയര്‍ന്നു. നഗരസഭ ചെയര്‍മാന്‍ കെ മധു വിന്റെ അധ്യക്ഷനായ യോഗത്തില്‍ പ്രതിപക്ഷ നേതാവ് എ കണ്ണന്‍കുട്ടി, എം ശിവകുമാര്‍,എം സ്വാമിനാഥന്‍, മുകേഷ്, മണികണ്ഠന്‍, രാജ, അനില്‍, ശശിധരന്‍, ഷീബ സംസാരിച്ചു.

RELATED STORIES

Share it
Top