സോയുസ് സ്റ്റാര്‍ സോക്കര്‍ ഫെസ്റ്റിന് ഒരുക്കങ്ങള്‍ ആരംഭിച്ചു

മാള: പൂപ്പത്തി ഗ്രാമം നെഞ്ചിലേറ്റുന്ന ഉല്‍സവമായി മാറുന്ന സോയുസ് സ്റ്റാര്‍ സോക്കര്‍ ഫെസ്റ്റിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. പൂപ്പത്തിയുടെ കൂട്ടായ്മ ഒരുക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ മല്‍സരത്തിന് 29 ന് തുടക്കമാകും. കാല്‍പന്ത് കളിയോടൊപ്പം കാരുണ്യം എന്ന സന്ദേശം ഉയര്‍ത്തിയാണ് മുന്‍ വര്‍ഷത്തെപോലെ സോക്കര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. താല്‍ക്കാലിക മൈതാനത്ത് പ്രത്യേക ഇരിപ്പിടങ്ങളും ഒരുക്കും.
പൂപ്പത്തിക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍, വക്കീലന്മാര്‍, ജഡ്ജിമാര്‍, വിവിധ സര്‍ക്കാര്‍ ജീവനക്കാര്‍, വ്യാപാരികള്‍, മാധ്യമ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹകരണത്തോടെയാണ് സോയുസ് സ്റ്റാര്‍ സോക്കര്‍ ഫെസ്റ്റ് നടത്തുന്നത്.
ഫഌഡ് ലൈറ്റ് മൈതാനത്ത് രാത്രി നടക്കുന്ന ഫുട്‌ബോള്‍ കളിക്ക് മുന്‍പായി എല്ലാ ദിവസവും കലാകായിക സാംസ്‌കാരിക മേളകള്‍ അരങ്ങേറും. സൗജന്യമായി കലാപരിപാടികളും ഫുട്‌ബോള്‍ മല്‍സരങ്ങളും കാണാന്‍ അവസരം നല്‍കുന്ന സോയുസ് സ്റ്റാര്‍ സോക്കര്‍ ഫെസ്റ്റിന് സ്ത്രീകളടക്കം വന്‍ജനാവലിയാണ് എത്താറുള്ളത്. ആദ്യദിവസത്തെ മല്‍സരം തുടങ്ങുന്നതിന് മുന്നോടിയായി മൈതാനത്ത് നടക്കുന്ന സ്വാഗത ഗാനത്തിന് ചുവടുവെച്ച് തിരുവാതിരക്കളി, തെയ്യം, വഞ്ചിപ്പാട്ട്, കാവടി, കളരി, കഥകളി രൂപം, നൃത്ത നൃത്ത്യങ്ങള്‍ എന്നിവയിലായി 250 ഓളം കലാകാരന്മാര്‍ അണിനിരക്കും. ജനകീയ കലാ, കായിക, സാംസ്‌ക്കാരിക മേളയായി മാറുന്ന സോക്കര്‍ ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. മാധ്യമ പ്രവര്‍ത്തകന്‍ ഇ പി രാജീവ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സി കെ പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. കൂപ്പണ്‍ വിതരണം സണ്ണി ജോസഫ് നിര്‍വ്വഹിച്ചു. എം വി വിനോദ്, പി എം രാധാകൃഷ്ണന്‍, പി പി രാജന്‍,വിഷ്ണു നമ്പൂതിരി, വേണുഗോപാല്‍ സംസാരിച്ചു.

RELATED STORIES

Share it
Top