സോണി വധം: പോലിസ് അന്വേഷണം ഊര്‍ജിതമാക്കിആലപ്പുഴ: യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ആര്യാട് അയ്യങ്കാളി ജങ്ഷന് സമീപം വേളങ്ങാട് ഹൗസില്‍ ജോണിന്റെ മകന്‍ സോണിയാണ് (കൊത സോണി-40)  കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസ് നിഗമനം. രാത്രി ഒമ്പതരയോടെ വീട്ടിലെത്തിയ ഒരാള്‍ സോണിയെ വിളിച്ചിറക്കിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഭാര്യ റീനയും മക്കളായ സോനയും സോഫ്‌നയും ഈ സമയം വീട്ടിലുണ്ടായിരുന്നു. ബഹളം കേട്ട് കുടുംബാംഗങ്ങള്‍ എത്തിയപ്പോള്‍ വെട്ടേറ്റ് കിടക്കുന്ന സോണിയെയാണ് കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ മരിച്ചിരുന്നു. പാതിരപ്പിള്ളി സ്വദേശിയായ സോണി കോഴിക്കട നടത്തി വരികയായിരുന്നു.വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് സോണി. കഴിഞ്ഞ ദിവസം സോണി സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കില്‍ ഉരസിയതിനെത്തുടര്‍ന്ന് വാക്ക് തര്‍ക്കമുണ്ടായിരുന്നു. സോണി ഇയാളെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരം വീട്ടുമെന്ന് ഇയാളുടെ സുഹൃത്തുക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേക്കുറിച്ചും പോലിസ് അന്വേഷിക്കുന്നുണ്ട്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട നന്ദു ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയയാളെ ഭാര്യ തിരിച്ചറിഞ്ഞിട്ടുണ്ട്.

RELATED STORIES

Share it
Top