സോണിയയുടെ ഇറ്റലി ബന്ധം കുത്തിപ്പൊക്കി ബിജെപി

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോണിയഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധം വീണ്ടും കുത്തിപ്പൊക്കി ബിജെപി. സോണിയഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി വീണ്ടും അവരുടെ ഇറ്റാലിയന്‍ ബന്ധത്തെക്കുറിച്ച് പറയുന്നത്.
ഇന്ത്യയുടെ വിലപ്പെട്ട 10 വര്‍ഷങ്ങള്‍ പാഴാക്കിയതിന് ഏക ഉത്തരവാദിയായ അന്റോണിയോ മൈനോ (സോണിയ)യില്‍ നിന്ന് കര്‍ണാടകയ്ക്ക് ഒന്നും പഠിക്കാനില്ലെന്ന് ബിജെപി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അഭിപ്രായപ്പെട്ടു. നേതാക്കളെ ഇറക്കുമതി ചെയ്യുന്നുവെന്നാരോപിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയുടെ കാര്യം ഓര്‍മിക്കണമെന്നും പാര്‍ട്ടി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരേന്ത്യന്‍ ഇറക്കുമതികള്‍ എന്നു വിശേഷിപ്പിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് ബിജെപിയുടെ ട്വീറ്റ്. കര്‍ണാടകയിലെ ബിജെപിക്ക് സംസ്ഥാനത്തു നേതാക്കന്‍മാരില്ലാത്തതിനാല്‍ ഉത്തരേന്ത്യന്‍ ഇറക്കുമതികള്‍ക്കുവേണ്ടി കാത്തിരിക്കുകയാണെന്നും നേരത്തെ സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിരുന്നു. യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ പഴയ പേരായ അജയ് ബിഷ്ത് എന്ന പേരുപയോഗിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് ട്വീറ്റിന് ബദലായിരുന്നു ഇന്നത്തെ സോണിയക്കെതിരായ ട്വീറ്റ്.

RELATED STORIES

Share it
Top