സോഡാ കമ്പനി തുറക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞുപേരാമ്പ്ര: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ എരവട്ടൂരിലെ മിന്റ് സോഡാ കമ്പനി വീണ്ടും തുറക്കാനുള്ള നീക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ഞായറാഴ്ച്ച രാവിലെ ഉടമ ക്വട്ടേഷന്‍ സംഘവുമായി വന്ന് കമ്പനി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സോഡാ കമ്പനി വിരുദ്ധ ആക്ഷന്‍ കമ്മിറ്റി തടയുകയായിരുന്നു. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ സമയത്ത് കമ്പനിയെ ജലം ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് കമ്മിറ്റി വ്യക്തമാക്കിയതോടെ ക്വട്ടേഷന്‍ സംഘം കമ്മിറ്റി പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ കുറുങ്ങോട്ട് മീത്തല്‍ ഫൈസല്‍ (40) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇദ്ദേഹത്തിന് നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. മിന്റ് സോഡ കമ്പനി ഉടമ ജോര്‍ജിനും സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റു. ഇയാള്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. പേരാമ്പ്ര സിഐ സുനില്‍ കുമാര്‍, എസ്‌ഐ സിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കമ്പനി തുറക്കാന്‍ ശ്രമിച്ച സംഘത്തിലെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരാള്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. പേരാമ്പ്രയില്‍ ആര്‍എസ്എസ്. വിമതര്‍ രൂപീകരിച്ച സംഘടനയില്‍പ്പെട്ടവരാണ് കമ്പനി തുറന്ന് പ്രവര്‍ത്തിപ്പിക്കാനെത്തിയതെന്ന് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. പോലിസ് ഇടപെട്ടതിനെ തുടര്‍ന്ന് കമ്പനി അടച്ചു പൂട്ടി.

RELATED STORIES

Share it
Top