'സോക്കര്‍ അല'യൊലിക്ക് നാളെ എടവണ്ണയില്‍ വിസില്‍ മുഴങ്ങും

മലപ്പുറം: കേരളത്തിലാദ്യമായി താല്‍ക്കാലിക പുല്‍മൈതാനവും ഫഌഡ്‌ലിറ്റും സംവിധാനിച്ച എടവണ്ണയില്‍ ഐഎസ്എല്‍ രീതിയില്‍ മറ്റൊരു ഫുട്‌ബോള്‍ മാമാങ്കം ആരംഭിക്കുന്നു. 'സോക്കര്‍ അല-2018' എന്ന പേരില്‍ സീതിഹാജി താല്‍ക്കാലിക ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നാളെ മുതലാണ് സെവന്‍സ് ടീമുകളുടെ പുല്‍മൈതാന പോരാട്ടം ആരംഭിക്കുന്നത്.
ആദ്യ മല്‍സരത്തില്‍ സാറ്റ് എഫ്‌സി തിരൂര്‍-സോക്കര്‍ സുല്‍ത്താന്‍ അരീക്കോടിനെ നേരിടും. കെഎഫ്എ പ്രസിഡന്റ് കെ എം ഐ മേത്തര്‍ ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലെ പ്രമുഖ താരങ്ങളായ അനസ് എടത്തൊടിക, സി കെ വിനീത്, ആഷിഖ് കുരുണിയന്‍, എം പി സക്കീര്‍, സുബ്രതോ പാല്‍,  മുഹമ്മദ് റാഫി, എന്‍ പി പ്രദീപ്, സംസ്ഥാന താരങ്ങളായ വി കെ അഫ്ദല്‍, വൈ പി ശരീഫ് തുടങ്ങിയവര്‍ വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങും. രണ്ട് ഗ്രൂപ്പുകളായാണ് മല്‍സരം. എ ഗ്രൂപ്പില്‍ സോക്കര്‍ സുല്‍ത്താന്‍ അരീക്കോട്, സാറ്റ് തിരൂര്‍, സാമുറായ് കോഴിക്കോട്, കോവളം എഫ്‌സി തിരുവനന്തപുരം ബി ഗ്രൂപ്പില്‍ പ്രീമിയര്‍ മഹീന്ദ്ര മലപ്പുറം, വാരിയേഴ്‌സ് വണ്ടൂര്‍, ഗ്ലാസ് ലൈന്‍ സ്‌ട്രൈക്കേഴ്‌സ് എടവണ്ണ, കിക്കേഴ്‌സ് കേരള പോലിസ് തുടങ്ങിയ എട്ടു ടീമുകളാണ് മല്‍സരിക്കുന്നത്. അനസ് സാമുറായ് ടീമിനും സി കെ വിനീതും ആഷിഖും എടവണ്ണയ്ക്കും കളിക്കും. ഐലീഗ്, ഐഎസ്എല്‍, സംസ്ഥാന, ജില്ലാ ടീമുകളില്‍ നിന്നും രണ്ടുവീതം താരങ്ങള്‍ കളിക്കും. 11ന് ഒന്നാം സെമിയും 13ന് രണ്ടാം സെമിയും 15ന് ഫൈനലും നടക്കും. രാത്രി എട്ടിനാണ് മല്‍സരം.
ടൂര്‍ണമെന്റ് ഡിഎഫ്എയും കെഎഫ്എയും എഐഎഫ്എഫും അംഗീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പി ഷംസുദ്ദീന്‍, കെഎഫ്എ ഖജാഞ്ചി പി അഷ്‌റഫ്, കെഎഫ്എ എക്‌സിക്കുട്ടീവ് കമ്മിറ്റിയംഗം എം മുഹമ്മദ് സലീം, ഡിഎഫ്എ പ്രസിഡന്റ് കെ അബ്ദുല്‍ കരീം, സോക്കര്‍ അല ജന.സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, ഇന്ത്യന്‍ താരം അനസ് എടത്തൊടിക, പുനെ എഫ്‌സി താരം ആഷിഖ് കുരുണിയന്‍ പങ്കെടുത്തു. ടിക്കറ്റുകള്‍ സമീപ പ്രദേശത്തെ ബാങ്കുകളില്‍ നിന്നു ലഭിക്കും.

RELATED STORIES

Share it
Top