സൈമണ്‍ മാസ്റ്ററുടെ മൃതദേഹം വിട്ടുകിട്ടാനുള്ള ഹരജി തള്ളി

കൊച്ചി: ഇസ്‌ലാം മതം സ്വീകരിച്ച ഇ സി സൈമണ്‍ മാസ്റ്റര്‍ എന്ന മുഹമ്മദ് ഹാജിയുടെ മൃതദേഹം ഇസ്‌ലാമിക നിയമപ്രകാരം സംസ്‌കരിക്കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളി. 2000ല്‍ സൈമണ്‍ മാസ്റ്റര്‍ ഇസ്‌ലാമില്‍ ചേര്‍ന്ന് ഇ സി മുഹമ്മദ് എന്ന പേര് സ്വീകരിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതിനു ശേഷമുള്ള ആധാര്‍ അടക്കമുള്ള സര്‍ക്കാര്‍ രേഖകളില്‍ പേര് സൈമണ്‍ മാസ്റ്റര്‍ എന്നുതന്നെയാണെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
അനാട്ടമി ആക്ടിലെ നാലാം വകുപ്പ് പ്രകാരം മരണസമയത്ത് കൂടെയുള്ള രണ്ടു പേര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയാവും മൃതദേഹം എന്തു ചെയ്യണമെന്ന് തീരുമാനിക്കാന്‍. ഈ സംഭവത്തില്‍ മരിച്ചയാളുടെ കൂടെയുണ്ടായിരുന്നത് ഭാര്യയും മക്കളുമായിരുന്നു. അവരുടെ വാദങ്ങളില്‍ സംശയിക്കേണ്ടതായി ഒന്നുമില്ല. ഓര്‍മക്കുറവുണ്ടായിരുന്ന സൈമണ്‍ മാസ്റ്ററുടെ പേരില്‍ ആരോപണവിധേയര്‍ വ്യാജരേഖ ചമച്ചെന്നത് സംബന്ധിച്ച തെളിവുകളൊന്നും ഹാജരാക്കാന്‍ ഹരജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഇതില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് ഹരജികള്‍ തള്ളിയത്.
സ്‌കൂള്‍ അധ്യാപകനും ബൈബിള്‍ പണ്ഡിതനുമായ സൈമണ്‍ മാസ്റ്റര്‍ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നതായി ഹരജിക്കാര്‍ പറയുന്നു. ഇസ്‌ലാം സ്വീകരിച്ച ശേഷം ഇ സി മുഹമ്മദ് എന്ന പേര് സ്വീകരിച്ചു. ഹജ്ജ് തീര്‍ത്ഥാടനത്തിനു ശേഷം മുഹമ്മദ് ഹാജിയെന്നാണ് അറിയപ്പെട്ടിരുന്നത്. മഹല്ല് കമ്മിറ്റിയില്‍ അംഗത്വവും നേടി. തന്റെ മൃതദേഹം ഇസ്‌ലാമിക നിയമപ്രകാരം കാര മതിലകം മഹല്ല് ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കണമെന്ന് 2000 സപ്തംബര്‍ 8ന് സൈമണ്‍ മാസ്റ്റര്‍ രേഖാമൂലം എഴുതിയിരുന്നതായി ഹരജി പറയുന്നു. എന്നാല്‍, ചികില്‍സയിലിരിക്കെ 2018 ജനുവരി 27ന് അദ്ദേഹം മരിച്ചു. ചികില്‍സാ കാലത്ത് അദ്ദേഹത്തിന് ഓര്‍മക്കുറവുണ്ടായിരുന്നു. ഈ സന്ദര്‍ഭം മുതലെടുത്ത് എതിര്‍കക്ഷികളായ ഭാര്യയും മക്കളും മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിന് നല്‍കണമെന്ന് സൈമണ്‍ മാസ്റ്റര്‍ പറഞ്ഞതായി ഒരു രേഖ വ്യാജമായി പടച്ചുണ്ടാക്കി എന്നായിരുന്നു ആരോപണം. മൃതദേഹം മെഡിക്കല്‍ കോളജിനു നല്‍കിയ ഉടനെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
ഒരു മുസ്‌ലിം മതവിശ്വാസി മരിക്കുകയാണെങ്കില്‍ ഇസ്‌ലാമിക രീതിയിലുള്ള സംസ്‌കാരം നടത്തിയേ മതിയാവൂ. അതിനായി മൃതദേഹം വിട്ടുനല്‍കണമെന്നും അനാട്ടമി പരിശോധനകള്‍ക്ക് വിട്ടുനല്‍കരുതെന്നും ഹരജിക്കാര്‍ ബോധിപ്പിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ കാര മതിലകം മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ മജീദ്, മുഹമ്മദ് മാസ്റ്ററുടെ സുഹൃത്തുക്കളായ ഷമീര്‍ മുളക്കപറമ്പില്‍, സലീം കുന്നിലത്ത് തുടങ്ങിയവരാണ് ഹരജി സമര്‍പ്പിച്ചത്.

RELATED STORIES

Share it
Top