സൈബീരിയയില്‍ മാളില്‍ തീപ്പിടിത്തം; 64 മരണം

മോസ്‌കോ: പടിഞ്ഞാറന്‍ സൈബീരിയയിലെ മാളിലുണ്ടായ തീപ്പിടിത്തത്തില്‍ 64 പേര്‍ മരിച്ചു. വ്യവസായ നഗരമായ കെമിറോവിലാണ് അപകടം. മരിച്ചവരിലധികവും കുട്ടികളാണെന്നാണ് റിപോര്‍ട്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇതില്‍ 40 പേര്‍ കുട്ടികളാണ്.
ഷോപ്പിങ്, എന്റര്‍ടെയ്ന്‍മെന്റ് മാളിലെ കുട്ടികളുടെ ട്രംപേലിന്‍ പാര്‍ക്കിലാണ് തീപ്പിടിത്തമുണ്ടായതെന്നു പോലിസ് അറിയിച്ചു.  പാര്‍ക്കില്‍ നിന്നു കുട്ടികളാരോ സിഗററ്റ് ലൈറ്റര്‍ കത്തിച്ചതാണ് തീപ്പിടിത്തത്തിന് കാരണമെന്നു ഡെപ്യൂട്ടി ഗവര്‍ണര്‍ വഌദിമിര്‍ ചെര്‍നോവ് പറഞ്ഞു. വൈദ്യുതിബന്ധത്തിലെ തകരാറുകളാവാം അപകട കാരണമെന്നും റിപോര്‍ട്ടുണ്ട്.
നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ടെന്നു റഷ്യന്‍ അഗ്‌നിശമന സേനാ വിഭാഗം പറയുന്നു. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നും റിപോര്‍ട്ടുകളുണ്ട്. നാലു നിലയുള്ള മാളിന്റെ മുകള്‍നില പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടത്തിന്റെ മുകളില്‍ നിന്നു ജനാലകള്‍ക്കിടയിലൂടെയും മറ്റും ആളുകള്‍ പ്രാണരക്ഷാര്‍ഥം പുറത്തേക്കു ചാടുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ പുറത്തുവിട്ടു.
തീപ്പിടിത്തത്തില്‍ മാളിലെ തിയേറ്ററിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണതാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. തിയേറ്ററില്‍ നിന്ന് 13 മൃതദേഹങ്ങളാണ് അഗ്നി ശമന വിഭാഗം കണ്ടെടുത്തത്.  ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.
27 വര്‍ഷത്തിനിടെ റഷ്യയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ ദുരന്തമാണ് ഇത്. കനത്ത സുരക്ഷാ വീഴ്ച ഇവിടെ ഉണ്ടായതായി ആരോപണമുണ്ട്. മാളിലെ സുരക്ഷാ ജീവനക്കാരുടെ ഭാഗത്തുനിന്നു വലിയ വീഴ്ചയുണ്ടായതായും ആരോപണമുണ്ട്. ദുരന്തത്തെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് രക്ഷാപ്രവര്‍ത്തനത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. മാളിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മറ്റു മാളുകളിലെ കുട്ടികളുടെ പാര്‍ക്കിന്റെ സുരക്ഷയും പരിശോധിക്കണമെന്നു റഷ്യന്‍ ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷണര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top