'സൈബര്‍ ലോകത്തെ കാണാക്കെണികള്‍: കുട്ടികളെ രക്ഷിക്കാന്‍ മുന്‍കരുതലുകള്‍ ആവശ്യം'

കോട്ടയം: സൈബര്‍ ലോകത്തെ കാണാക്കെണികളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം തന്നെ സമൂഹത്തിനും ചുമതലകള്‍ ഉണ്ടെന്നും ഇതിനായി മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്നും കെ സുരേഷ് കുറുപ്പ് എംഎല്‍എ പറഞ്ഞു. സൈബര്‍ ലോകത്തിലെ കാണാക്കെണികള്‍, ജാഗ്രതാ സമിതി പ്രവര്‍ത്തനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി അയ്മനം ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ കേരള സംസ്ഥാന വനിതാ കമ്മീഷനും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സാമൂഹിക അന്തരീക്ഷം ഭീതിയുളവാക്കുന്നതായി മാറിക്കൊണ്ടിരിക്കുകയാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി നടന്നു വരുന്ന അതിക്രമങ്ങളും പീഢനങ്ങളും ചെറുത്തു തോല്‍പ്പിക്കേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. സെബര്‍ ലോകത്തെ കാണാക്കെണികള്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരത്തെ കനല്‍ എന്ന എന്‍ജിഒ സ്ഥാപനത്തിലെ കൗണ്‍സിലര്‍മാരായ അന്‍സോണ്‍, ജിഷാ എന്നിവര്‍ ക്ലാസ് എടുത്തു.
സെമിനാറില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന ബിനു അധ്യക്ഷത വഹിച്ചു. വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരണം ചെയ്തു. സംസ്ഥാന വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലാകെ വ്യാപിപ്പിക്കുന്നതിന് വൈവിധ്യങ്ങളായ പരിപാടികളാണ് കമ്മീഷന്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്നത്. സ്ത്രീകളുടെ സംരംക്ഷണവും സുരക്ഷയും ഉറപ്പ് വരുത്താന്‍ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും  പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും ഇ എം രാധ പറഞ്ഞു.  ജാഗ്രതാ സമിതി പ്രവര്‍ത്തനം എന്ന വിഷയത്തില്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫിസര്‍ പി എന്‍ ശ്രീദേവി സംസാരിച്ചു. അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ കെ ആലിച്ചന്‍, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ വി ബിന്ദു, സാലി ജയചന്ദ്രന്‍, ഏറ്റുമാനൂര്‍ സിഡിപിഒ മാര്‍ഗരറ്റ് മാത്യു സംസാരിച്ചു.

RELATED STORIES

Share it
Top