സൈബര്‍ കുറ്റകൃത്യം: രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ശില്‍പശാല

തലശ്ശേരി: എടിഎം കാര്‍ഡ്, പിന്‍ നമ്പര്‍, പാസ്‌വേഡ്, ഒടിപി നമ്പര്‍, ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവ വിശ്വസ്തര്‍ക്ക് മാത്രമേ കൈമാറാന്‍ പാടുള്ളൂവെന്നും ഇക്കാര്യത്തി ല്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എസ് പി സുനില്‍. സൈബര്‍ നിയമം, ബാലാവകാശ സംരക്ഷണ നിയമം എന്നിവ സംബന്ധിച്ച് വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് തലശ്ശേരിയില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു . സൈബര്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിച്ചുവരികയാണ്. ലിംഗ-പ്രായ-വിദ്യാഭ്യാസ ഭേദമന്യേ എല്ലാവരും സൈബര്‍ കുറ്റങ്ങളുടെ ഇരകളായിത്തീരും. കണക്കുകള്‍ വ്യക്തമാക്കുന്നതും അതു തന്നെ. ലൈംഗികാതിക്രമങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഇരകളുടെ ഏതെങ്കിലും തരത്തിലുള്ള പങ്കാളിത്തം ഉണ്ടാവുമെന്നതാണ് സത്യം. മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ കാമറ, കംപ്യൂട്ടര്‍ തുടങ്ങിയവയിലൂടെ എടുത്ത ചിത്രങ്ങളും വീഡിയോകളും തയ്യാറാക്കിയ സന്ദേശങ്ങളും ഒരിക്കലും നശിപ്പിക്കാനാവില്ല. ഉപകരണത്തില്‍നിന്ന് അവ ഡിലീറ്റ് ചെയ്താലും താല്‍ക്കാലികമായി നമുക്ക് കാണാന്‍ സാധിക്കില്ല എന്നേയുള്ളൂ. ഫോറന്‍സിക് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് അവ എത്രകാലം കഴിഞ്ഞാലും വീണ്ടെടുക്കാനാവും. വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, ഇ-മെയില്‍ തുടങ്ങിയ വഴി നാം കൈമാറുന്നതെന്തും ഈ സ്ഥാപനങ്ങളുടെ ആസ്ഥാന സര്‍വറുകളില്‍ സ്റ്റോര്‍ ചെയ്യപ്പെടും. അതിനാല്‍ ഉപകരണം നശിപ്പിച്ചാലും കൈമാറിയ വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വീണ്ടെടുക്കാനാവും. സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയവയുടെ സഹായത്തോടെ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ എളുപ്പം കണ്ടെത്താനാവുമെന്നും അദ്ദേഹം വിശദീകരിച്ചു. ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ് അധ്യക്ഷത വഹിച്ചു. ബാലാവകാശ സംരക്ഷണ നിയമത്തെക്കുറിച്ച് വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ അഷ്‌റഫ് കാവില്‍ ക്ലാസെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ അഞ്ജു മോഹന്‍, തലശ്ശേരി പ്രസ്‌ഫോറം പ്രസിഡന്റ് എ പ്രശാന്ത്, സെക്രട്ടറി സി മനീഷ് സംസാരിച്ചു.

RELATED STORIES

Share it
Top