സൈബര്‍ ആക്രമണം കേരളത്തില്‍? വയനാട്ടിലും പത്തനംതിട്ടയിലും റാന്‍സംവെയര്‍ ആക്രമണമെന്ന് സംശയം

വയനാട്: ലോകത്തെ നടുക്കി ഇന്ന് വീണ്ടും സൈബര്‍ ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെ കേരളത്തില്‍ റാന്‍സംവെയര്‍ സൈബര്‍ ആക്രമണം നടന്നതായി റിപോര്‍ട്ട്. വയനാട്ടിലെ തിരിയോട് ഗ്രാമപഞ്ചായത്തിലെ കമ്പ്യൂട്ടറുകളാണ് തകരാറിലായിരിക്കുന്നത്. വാനാ ക്രൈ എന്ന റാന്‍സംവെയര്‍ ആക്രമണമാണ് നടന്നതെന്നാണ് സൂചന. ആറു കമ്പ്യട്ടറുകളാണ് തകരാറിലായിരിക്കുന്നത്. പണം അടച്ചില്ലെങ്കില്‍ കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ നശിപ്പിക്കുമെന്ന സന്ദേശമാണ് ലഭിച്ചിരിക്കുന്നത്. പത്തനംതിട്ടയിലും റാന്‍സംവെയര്‍ ആക്രമണം റിപോര്‍ട്ട് ചെയ്തിരിക്കുകയാണ്.
ഇതുവരെ വലിയ ആക്രമണം നടക്കാതിരുന്ന ഏഷ്യ ആയിരിക്കാം അടുത്ത ലക്ഷ്യമെന്ന് സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഏഷ്യന്‍ മേഖലയില്‍ തിരക്കുള്ള ദിവസമായ തിങ്കളാഴ്ച ആക്രമണസാധ്യത കൂടുതലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. അതേസമയം, രണ്ടു ലക്ഷം കംപ്യൂട്ടറുകളെ നിലവില്‍ സൈബര്‍ ആക്രമണം ബാധിച്ചിട്ടുണ്ടെന്നാണ് യൂറോപ്പ് സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ട കണക്ക്. കംപ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ വിഭാഗത്തില്‍പ്പെടുന്ന മാല്‍വെയറാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി വികസിപ്പിച്ചെടുത്ത 'എറ്റേണല്‍ ബ്ലൂ' എന്ന സൈബര്‍ ആയുധങ്ങള്‍ തട്ടിയെടുത്താണ് ആക്രമണം നടത്തിയത്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ് ആക്രമണത്തിനിരയായത്. സൈബര്‍ ആക്രമണ പശ്ചാത്തലത്തില്‍ സംസ്ഥാന ഐടി മിഷന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.[related]

RELATED STORIES

Share it
Top