സൈനിക ആയുധങ്ങള്‍ കണ്ടെത്തിയ സംഭവംജില്ലയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ തുടര്‍ച്ച: എസ്ഡിപിഐ

മലപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയില്‍നിന്ന് സൈനിക ആയുധപ്പുരയിലെ ക്ലേമോര്‍ മൈനുകളും വെടിയുണ്ടകളും കണ്ടെടുത്ത സംഭവം മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ്.
രാജ്യത്തെ ഏറ്റവും വലിയ സൈനിക വെടിക്കോപ്പ് നിര്‍മാണ ശാലയായ മഹാരാഷ്ട്രയിലെ പുല്‍ഗാവില്‍ നിന്നുള്ള ക്ലേമോര്‍ മൈനുകളാണു കുറ്റിപ്പുറത്ത് ഭാരതപ്പുഴയില്‍നിന്നു കണ്ടെടുത്തിരിക്കുന്നത്. ഇവയ്ക്കു പിന്നാലെ ക്ലേമോര്‍ മൈനുകള്‍ പൊട്ടിക്കാനുപയോഗിക്കുന്ന ഡിറ്റണേറ്ററുകളും വെടിയുണ്ടകളും കണ്ടെടുത്തതോടെ ദുരൂഹതയേറിയിരിക്കുകയാണ്. രാജ്യസുരക്ഷയ്ക്കുവേണ്ടി ഉപയോഗിക്കുന്ന ഇത്തരം ആയുധങ്ങളാണു കേണല്‍ പുരോഹിതും സംഘവും മലേഗാവ് -സംഝോത സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതെന്നത് അന്വേഷണ സംഘം വെളിപ്പെടുത്തിയതാണ്. കേന്ദ്ര ആഭ്യന്തര വകുപ്പിനെയും സൈന്യത്തെയും നിയന്ത്രിക്കുന്ന സംഘപരിവാര ശക്തികള്‍ മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.
ആയുധങ്ങള്‍ കണ്ടെടുത്തതു മുതല്‍ ജില്ലയുടെ തീവ്രവാദ വേരുകള്‍ തേടുന്ന സംഘപരിവാരം സൈനിക ആയുധപ്പുരയില്‍നിന്ന് ഇവയെങ്ങനെ പുറത്തെത്തിയെന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെടണം. ഭാരതപ്പുഴയില്‍ ആയുധം സൂക്ഷിച്ചു മലപ്പുറത്തെ കലാപഭൂമിയാക്കാനുള്ള ഗൂഢനീക്കമാണ് ഇവ കണ്ടെടുത്തതിലൂടെ തകര്‍ന്നിരിക്കുന്നത്.രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വീഴ്ച കേന്ദ്ര ആഭ്യന്തര വകുപ്പില്‍ നിന്നുണ്ടായിട്ടും സാമ്പ്രദായികപ്പാര്‍ട്ടികള്‍ കുറ്റകരമായ മൗനം പാലിക്കുന്നതിലും ദുരൂഹതയുണ്ട്. സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആയുധങ്ങള്‍ പുറത്തെത്തിയതു സംബന്ധിച്ച് മുന്‍വിധിയില്ലാതെ പഴുതടച്ചുള്ള അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജലീല്‍ നീലാമ്പ്ര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍മജീദ്, വി ടി ഇക്‌റാമുല്‍ഹഖ്, അഡ്വ. സാദിഖ് നടുത്തൊടി, ടി എം ഷൗക്കത്ത്, എം പി മുസ്തഫ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എ ബീരാന്‍കുട്ടി, ബാബുമണി കരുവാരക്കുണ്ട് സംസാരിച്ചു.

RELATED STORIES

Share it
Top