സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവം : പാകിസ്താന് തിരിച്ചടി നല്‍കും- സൈനിക മേധാവിന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ പാക് സൈന്യത്തിനെതിരേ തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, നടപ്പാക്കുന്നതിനു മുമ്പ് പദ്ധതി വെളിപ്പെടുത്തില്ലെന്നും റാവത്ത് പറഞ്ഞു. പാകിസ്താന്റെ ഇത്തരം പൈശാചിക പ്രവൃത്തികള്‍ക്ക് മറുപടി നല്‍കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സേനാ മേധാവി. ഭാവി പദ്ധതികളെപ്പറ്റി കാലേക്കൂട്ടി സൈന്യം സംസാരിക്കാറില്ല. കൃത്യനിര്‍വഹണത്തിനുശേഷം വിവരങ്ങള്‍ നല്‍കും- റാവത്ത് പറഞ്ഞു. ഉചിതമായ സ്ഥലത്തിനും സമയത്തിനും അനുസരിച്ച് പാക് ക്രൂരകൃത്യങ്ങള്‍ക്കു മറുപടി നല്‍കുമെന്ന് സൈനിക ഉപമേധാവി ശരത് ചന്ദ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. രണ്ട് ഇന്ത്യന്‍ സൈനികരുടെ ത്യാഗം വെറുതെയാവില്ലെന്നും പാകിസ്താന്റെ മനുഷ്യത്വരഹിതമായ കൃത്യത്തിനെതിരേ ഇന്ത്യന്‍ സൈന്യം മറുപടി നല്‍കുമെന്നും പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പ്രതികരിച്ചിരുന്നു. ഭീകരവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്. വേനല്‍ക്കാലം ആരംഭിക്കുന്നതോടെ നുഴഞ്ഞുകയറ്റവും ഉണ്ടാകും. ഇതു പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ ശക്തമാക്കുമെന്നും റാവത്ത് പറഞ്ഞു.

RELATED STORIES

Share it
Top