സൈനികന്റെ കൊലപാതകം 32 മണിക്കൂറിനകം പ്രതികാരം ചെയ്യണമെന്ന്് പിതാവ്

ശ്രീനഗര്‍: കശ്മീരില്‍ സായുധര്‍ കൊലപ്പെടുത്തിയ സൈനികന്‍ ഔറംഗസേബിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് പിതാവ്. അടുത്ത 32 മണിക്കൂറിനുള്ളില്‍ പ്രതികാരം ചെയ്യണമെന്നാവശ്യപ്പെടുന്ന ഔറംഗസേബിന്റെ പിതാവ് ഹനീഫയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. രാഷ്ട്രീയ റൈഫിള്‍സിലെ ജവാനായിരുന്ന ഔറംഗേസബിനെ വ്യാഴാഴ്ചയാണ് സായുധര്‍ വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയത്. പിന്നീട് വെടിയേറ്റു മരിച്ച നിലയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുന്‍ സൈനികന്‍ കൂടിയാണ് ഹനീഫ. അടുത്ത 32 മണിക്കൂറിനുള്ളില്‍ മകനെ കൊന്നവരോട് പ്രതികാരം ചെയ്തിരിക്കണം. ഇത് എന്റെ അപേക്ഷയാണ്. കശ്മീരിനെ കൊള്ളയടിക്കുന്ന അവരെ വധിക്കണം. കശ്മീരിന്റെ മകനെയാണ് അവര്‍ തട്ടിയെടുത്തത്. കശ്മീര്‍ ഞങ്ങളുടേതാണ്. കശ്മീരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തുരത്തിയോടിക്കണമെന്നും ഹനീഫ പറയുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.അതേസമയം, സൈനികരെല്ലാവരും ഹനീഫയുടെ കുടുംബത്തോടൊപ്പമുണ്ടാവുമെന്നും ഇതു തങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും സൈനികര്‍ ഹനീഫയ്ക്ക് മറുപടി കൊടുത്തിട്ടുണ്ട്. 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനായിരുന്നു ഔറംഗസേബ്. ഹിസ്ബുല്‍ പ്രവര്‍ത്തകരായിരുന്ന സമീര്‍ ടൈഗര്‍, സദ്ദാം പദ്ദര്‍ എന്നിവരെ വധിച്ച സംഘത്തില്‍ ഔറംഗസേബുമുണ്ടായിരുന്നു. വെള്ളിയാഴ്ച നടന്ന ഔറംഗസേബിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് നൂറുകണക്കിനാളുകള്‍ സംബന്ധിച്ചിരുന്നു.

RELATED STORIES

Share it
Top