സൈനബിന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ

ഇസ്‌ലാമാബാദ്: ഏഴുവയസ്സുകാരി സൈനബ് അന്‍സാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി ഇമ്രാന്‍ അലി (24)ക്ക് പാകിസ്താന്‍ കോടതി വധശിക്ഷ വിധിച്ചു. ലാഹോറിലെ പ്രത്യേക ഭീകരവിരുദ്ധ കോടതിയാണ് ഇന്നലെ നടന്ന വിചാരണയ്‌ക്കൊടുവില്‍, പ്രതിയുടെ സാന്നിധ്യത്തില്‍ ശിക്ഷ വിധിച്ചത്.
തട്ടിക്കൊണ്ടുപോവല്‍, ബലാല്‍സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ. 10 ലക്ഷം പാകിസ്താന്‍ രൂപ സൈനബിന്റെ കുടുംബത്തിന് പ്രതി നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
പഞ്ചാബ് പ്രവിശ്യയിലെ കസൂര്‍ ജില്ലയില്‍ ജനുവരി ഒമ്പതിനാണ് സൈനബിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സൈനബിനെ കാണാതായതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ പ്രതിക്കൊപ്പം കുട്ടി നടന്നുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മൃതദേഹം ലഭിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൈനബിന്റെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രതിയെ കല്ലെറിഞ്ഞു കൊല്ലുകയാണ് വേണ്ടതെന്നും തൂക്കിക്കൊല്ലുകയെന്നത് ചെറിയ ശിക്ഷ മാത്രമാണെന്നും സൈനബിന്റെ അമ്മ നുസ്രത് അമീന്‍ പറഞ്ഞു. കുട്ടിയുടെ പിതാവ് അമീന്‍ അന്‍സാരി ചീഫ് ജസ്റ്റിസിന് നന്ദി അറിയിച്ചു.
കസൂര്‍ ജില്ലയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട 12ാമത്തെ ബാലികാ പീഡന കൊലപാതകമായിരുന്നു സൈനബ് അന്‍സാരിയുടേത്. സമാനമായ എട്ടു കൊലപാതകങ്ങള്‍ നടത്തിയതായി പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. 2015ല്‍ കസൂര്‍ ജില്ലയില്‍ നൂറോളം കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ക്കിരയായിരുന്നു. കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘത്തെ ജില്ലയില്‍ നിന്നു പിടികൂടുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top