സൈദിന്റെ പ്രിയങ്കരന്‍

ബനൂ കല്‍ബ് ഗോത്രക്കാരനായ ഹാരിസ എന്തോ ദുസ്വപ്‌നം കണ്ടാണ് ഞെട്ടിയുണര്‍ന്നത്. എണീറ്റപ്പോള്‍ വിയര്‍ത്തു കുളിച്ചിരുന്നു. നന്നായി കിതക്കുന്നുമുണ്ട്. തൊട്ടരികിലുളള കൂജയിലെ വെളളം മുഴുവന്‍ ഒരിറക്കിന് കുടിച്ചു തീര്‍ത്തു. സ്വപ്‌നത്തില്‍ കണ്ട ദൃശ്യം ഓര്‍ക്കാന്‍ പോലും ധൈര്യം വരുന്നില്ല. തന്റെ ഏക പുത്രന്‍ പത്തു വയസ്സുകാരനായ സൈദിനെ ആരോ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നു. രക്ഷിക്കണേ...രക്ഷിക്കണേ എന്നലറി വിളിച്ചു കൊണ്ട് അവന്‍ കുതറി മാറാന്‍ ശ്രമിക്കുന്നുണ്ട്. കുടുംബ വീട്ടിലേക്കു പോയ ഭാര്യയുടേയും മകന്റേയും കാര്യം ഓര്‍ത്തു കിടന്നതു കൊണ്ടുളള പൊയ്ക്കിനാവാമായിരിക്കാവാമെന്ന് ആശ്വസിച്ചു കൊണ്ട് വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചു ഹാരിസ.
ഹാരിസയുടെ സ്വപ്‌നം പൊയ്ക്കിനാവായിരുന്നില്ല. നേരം പുലര്‍ന്നപ്പോള്‍ ഹാരിസയെ തേടി ആ ദുഖവാര്‍ത്ത എത്തി. തലേന്ന് രാത്രി ബനൂഖയ്യാന്‍കാരായ ഏതാനും കുതിരപടയാളികള്‍ ഹാരിസയുടെ ഭാര്യ സഅ്‌ലബയുടെ ഗോത്രമായ ബനൂമിഅന്‍ ഗോത്രക്കാരുടെ വസതികള്‍ കൊളളയടിക്കുകയും ഏതാനും സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോവുകയും ചെയ്തിരിക്കുന്നു. അക്കൂട്ടത്തില്‍  തന്റെ മകന്‍ സൈദും ഉള്‍പ്പെട്ടിരിക്കുന്നു. ദുഖാര്‍ത്തനായ ഹാരിസയും കുടുംബവും മകനെ അന്വേഷിച്ച് നാടുകള്‍ തോറും സഞ്ചരിച്ചു. കണ്ടു മുട്ടുന്ന യാത്രസംഘങ്ങളോടൊക്കെ മകനെപ്പറ്റി തിരക്കി. ഒടുവില്‍ ബനൂഖയ്യാന്‍കാര്‍ മകനേ ഏതോ അടിമചന്തയില്‍ വിറ്റതായി വിവരം ലഭിച്ചു.
അടിമ വ്യാപാരം ഒരു കാലഘട്ടത്തില്‍ അറേബ്യന്‍ സമ്പദ്ഘടനയുടെ അവിഭാജ്യഘടകമായിരുന്നു. അതിനാല്‍ തക്കം കിട്ടിയാല്‍ കവര്‍ച്ചക്കാര്‍ യാത്രാസംഘങ്ങളെ കൊളളയടിച്ച് ദുര്‍ബലരായ സ്ത്രീകളെയും കുട്ടികളെയും തട്ടികൊണ്ട് പോയി അടിമചന്തയില്‍ വില്‍ക്കുക ജാഹിലിയ്യാകാലഘട്ടത്തിലെ (ഇസ്‌ലാമിനു മുമ്പുളള അജ്ഞാന കാലഘട്ടം) പതിവായിരുന്നു. അത്തരത്തില്‍ കൊളളയടിക്കപ്പെട്ട് അടിമചന്തയില്‍ വില്‍ക്കപ്പെട്ട ഹതഭാഗ്യനായിരുന്നു സൈദുബ്‌നുഹാരിസ.  കൊളളക്കാര്‍ ഉക്കാള് ചന്തയില്‍ വില്‍പന നടത്തിയ ആ ബാലനെ ഖുറൈശീ പ്രമുഖനായിരുന്ന ഹകീംബ്‌നു ഖുവൈലിദ് വാങ്ങി. ഹക്കീം തന്റെ പിതൃസഹോദരിയായിരുന്ന ഖദീജ ബിന്‍ത് ഖുവൈലിദിന് പാരിതോഷികമായി സൈദിനെ നല്‍കി. ഖദീജയുടെ ഭൃത്യനായി സൈദ് വളര്‍ന്നു വരുന്നതിനിടെയാണ് ഖദീജയും അവരുടെ വ്യാപാരപങ്കാളിയായിരുന്ന മുഹമ്മദും തമ്മിലുളള വിവാഹം നടക്കുന്നത്. ഖദീജ സൈദിനെ ഭര്‍ത്താവിനു സമ്മാനിച്ചു. സദ്ഗുണസമ്പന്നനായിരുന്ന തന്റെ പുതിയ യജമാനനുമായി സൈദ് ആത്മബന്ധം സ്ഥാപിക്കാന്‍ അധിക സമയം വേണ്ടി വന്നില്ല. ഇക്കാലയളവിലെല്ലാം തന്റെ നഷ്ടപ്പെട്ട മകനെയോര്‍ത്ത് വിലപിക്കുകയും കണ്ടുമുട്ടുന്നവരോടെല്ലാം അവനെപ്പറ്റി അന്വേഷിക്കുകയുമായിരുന്നു സൈദിന്റെ പിതാവ് ഹാരിസ.
അങ്ങനെയിരിക്കെയാണ് ഹജ്ജിനായി മക്കയിലെത്തിയ ഹാരിസയുടെ ചില കുടുംബക്കാര്‍ സൈദിനെ കണ്ടുമുട്ടുന്നത്. നാട്ടില്‍ തിരിച്ചെത്തിയ അവര്‍ വിവരം ഹാരിസിനെ അറിയിച്ചു. ഹാരിസ  ഉടനെ സഹോദരനെയും കൂട്ടി മക്കയിലേക്കു പുറപ്പെട്ടു. അവര്‍ മക്കയിലെത്തി  മുഹമ്മദിനെ സന്ദര്‍ശിച്ച് പറഞ്ഞു: അബ്ദുല്‍മുത്തലിബിന്റെ മകനേ, നിങ്ങള്‍ ഹറമിന്റെ പരിപാലകരും അഗതികള്‍ക്ക് ഭക്ഷണം നല്‍കുന്നവരും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പുന്നവനുമാണ്.  താങ്കളുടെ അധീനതയിലുളള സൈദിന്റെ പിതാവും പിതൃവ്യനുമാണ് ഞങ്ങള്‍.  അതിനാല്‍ മതിയായ  മോചനദ്രവ്യം സ്വീകരിച്ച് അവനെ ഞങ്ങളോടൊപ്പം വിട്ടുതരണം'. പ്രവാചകന്‍ അവരോടു പറഞ്ഞു.  നമുക്ക് സൈദിനെ വിളിച്ച് എന്നെ വേണമോ നിങ്ങളെ വേണമോ എന്നു ചോദിക്കാം.  അവന്‍ നിങ്ങളോടൊപ്പം വരാന്‍ തയ്യാറാണെങ്കില്‍ യാതൊരു മോചനദ്രവ്യവും ആവശ്യമില്ലാതെ തന്നെ നിങ്ങള്‍ക്കവനെ കൊണ്ടു പോകാം.  അതല്ല അവന്‍ എന്നെയാണ് തിരഞ്ഞടുക്കുന്നതെങ്കില്‍ എന്നെ തൃപ്തിപ്പെട്ട ഒരാളെ കയ്യൊഴിയാന്‍ ഞാന്‍ തയ്യാറല്ല.  പ്രവാചകന്‍ അവരോട് പറഞ്ഞു.  താങ്കള്‍ നിര്‍ദ്ദേശിച്ചത് അത്യുത്തമമായ രീതിയാണെന്ന് ഹാരിസ പ്രതിവചിച്ചു.  എന്നാല്‍ ആ പിതാവിനെ സ്തബ്ദനാക്കികൊണ്ട് സൈദ് തന്റെ പിതാവിനു പകരം പ്രവാചകനെയാണു തിരഞ്ഞെടുത്തത്. സ്വാതന്ത്യത്തിനു പകരം അടിമത്വത്തെയാണോ സൈദേ നീ തിരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് മറ്റാരിലും  കാണാനാവാത്ത സദ്ഗുണങ്ങളുടെ വിളനിലമാണ് ഇദ്ദേഹമെന്നും അതിനാല്‍ ഞാന്‍ ഈ മനുഷ്യനെ വിട്ടുപിരിയുകയില്ലെന്നുമായിരുന്നു സൈദിന്റെ മറുപടി.
സൈദും പിതാവും തമ്മിലുളള സംഭാഷണത്തിന് സാക്ഷിയായപ്പോള്‍  സ്വന്തം മാതാപിതാളേക്കാളും തന്നെ സ്‌നേഹിക്കുന്ന സൈദ് ഇനിയും അടിമ എന്ന നിലയില്‍  തുടരുന്നത് അന്യായമാണെന്ന് മുഹമ്മദിനു തോന്നി. എന്തു കൊണ്ട് സൈദിനെ തന്റെ ദത്തു പുത്രനായി പ്രഖ്യാപിച്ചു കൂടാ. തനിക്കാണെങ്കില്‍ ഖദീജയില്‍ സൈനബ്, ഉമ്മുകുല്‍സു, റുഖിയ,ഫാതിമ എന്നീ നാലു പെണ്‍ മക്കളും ഖാസിം,അബ്ദുല്ല എന്നിങ്ങനെ രണ്ടു പുത്രന്‍മാരും ജനിച്ചിട്ടുണ്ടെങ്കിലും പുത്രന്‍മാരെ രണ്ടു പേരെയും ശൈശവത്തിലേ അല്ലാഹു തിരിച്ചു വിളിച്ചിരിക്കുന്നു. അറേബ്യന്‍ സാമൂഹിക സ്ഥിതിയില്‍ അനന്തരാവകാശിയായി ഒരു പുത്രന്‍ കൂടിയേ തീരൂ. അത്തരത്തിലൊരു തീരുമാനമെടുക്കാന്‍ ഇനിയും വൈകിക്കൂടാ. ഇപ്പോഴാകുമ്പോള്‍ അത്തരമൊരു പ്രഖ്യാപനം പുത്രവിരഹത്താല്‍ ദുഖിക്കുന്ന സൈദിന്റെ പിതാവിന് ഒരാശ്വാസമാവുകയും ചെയ്യും. സൈദിനെയും പിതാവിനെയും കൂട്ടി കഅ്ബാപരിസരത്തേക്ക് ചെന്ന് മുഹമ്മദ് അവിടെ കൂടിയിരുന്നവരോടായി പ്രഖ്യാപിച്ചു. 'ഇന്നു മുതല്‍ ഇവന്‍ എന്റെ മകനാണ്.  ഞങ്ങള്‍ ഇരുവരും പരസ്പരം അനന്തരമെടുക്കുന്നതായിരിക്കും'.
തന്റെ പുത്രന്റെ സാമീപ്യം തനിക്കു നഷ്ടപ്പെട്ടെങ്കിലും മകന്‍ കഅ്ബയുടെ സംരക്ഷകരായ ഖുറൈശീ ഗോത്ര തലവന്റെ പേരക്കുട്ടിയും സദ്ഗുണസമ്പന്നനുമായ മുഹമ്മദിന്റെ  ദത്തുപുത്രനാണല്ലോയെന്ന ആശ്വാസത്തില്‍ ഹാരിസയും സഹോദരനും സ്വദേശത്തേക്ക് മടങ്ങി. അന്നു മുതല്‍ സൈദ് സൈദ്ബിന്‍ മുഹമ്മദ് എന്നറിയപ്പെടാനും തുടങ്ങി.

RELATED STORIES

Share it
Top