സേവ് പദ്ധതി മുഴുവന്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുന്നു

കോഴിക്കോട്: 2014 മുതല്‍ വടകര വിദ്യാഭ്യാസ  ജില്ലയില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് (സ്റ്റുഡന്റ് ആര്‍മി ഫോര്‍ വിവിഡ് എന്‍വയോണ്‍മെന്റ്) ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും വ്യാപിപ്പിക്കുന്നതിന്റെ പ്രഖ്യാപനം കോഴിക്കോട് സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളില്‍ ചലച്ചിത്ര നടനും സംവിധായകനുമായ ജോയ് മാത്യു നിര്‍വഹിച്ചു. ചെലവ് രഹിത പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം, മഴയാത്ര, പക്ഷിക്ക് കുടിനീര്‍, ജീവജലം, ഒരു ക്ലാസ് ഒരു മരം, ഒരു വിദ്യാലയം ഒരു കാവ്, ഔഷധസസ്യ പൂങ്കാവനം, പൂമ്പാറ്റ പൂങ്കാവനം, മഷിപ്പേനയിലേക്ക് മടക്കം, ഹരിത തീര്‍ത്ഥാടനം, നക്ഷത്രനിരീക്ഷണം, പക്ഷിനിരീക്ഷണം, പുഴ സംരക്ഷണം, നാട്ടറിവ്  ശേഖരണം, ഹരിത പ്രദര്‍ശനം, ഹ്രസ്വ ചലച്ചിത്ര നിര്‍മ്മാണം, പ്രകൃതി സഹവാസം, ജൈവകൃഷി, നാട്ടുമാ മഹോത്സവം, ജൈവവൈവിധ്യ കാംപസ് എന്നീ ഇരുപതിനങ്ങള്‍ അടങ്ങിയ പദ്ധതിയാണ് സേവ്. ഇവ  സ്‌കൂളുകളിലും വിദ്യാര്‍ഥികളുടെ വീടുകളിലും പ്രാവര്‍ത്തികമാക്കാനാണ് സേവ് വിഭാവനം ചെയ്യുന്നത്. ഔഷധസസ്യങ്ങളും പൂച്ചെടികളും ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിച്ച് സ്‌കൂളുകളെ ജൈവവൈവിധ്യ പാര്‍ക്കുകള്‍ ആക്കി മാറ്റണം. വടകര വിദ്യാഭ്യാസ ജില്ലയില്‍ നിന്നും ചെലവ് രഹിത പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി നാല് ഘട്ടങ്ങളിലായി 25 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരണത്തിന് അയച്ചിരുന്നു. നാലു വര്‍ഷമായി കുറ്റിയാടി ചുരത്തില്‍ മഴ യാത്ര നടത്തുന്നു. നാലുവര്‍ഷമായി വേനലില്‍  വിദ്യാര്‍ഥികളും അധ്യാപകരും പക്ഷിക്ക് കുടിനീര്‍ നല്‍കുന്നുണ്ട്. പ്രഖ്യാപന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ കെ സുരേഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. പ്രൊഫ. ശോഭീന്ദ്രന്‍ ഹരിത സന്ദേശം നല്‍കി. സേവ്  ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, കെ ഇക്ബാല്‍, സെഡ് സംസാരിച്ചു.

RELATED STORIES

Share it
Top