സേവ്് നോട്ടുബുക്ക്്് പദ്ധതിക്ക് തുടക്കം

കോഴിക്കോട്: ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ്, ലവ് ഡെയില്‍ ഫൗണ്ടേഷന്റെ മിഷന്‍ മില്യന്‍ ബുക്‌സുമായി സഹകരിച്ച് നടപ്പാക്കുന്ന സേവ്  നോട്ട് ബുക്ക്  പദ്ധതിക്ക് തുടക്കമായി. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നോട്ടുപുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് ഇത്. ഒരു വിദ്യാര്‍ത്ഥിക്ക് 10 നോട്ട് ബുക്കുകള്‍ വീതം നല്‍കും.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഒരു വശം കൂടി ഈ പദ്ധതിയ്ക്ക് ഉണ്ട്. മരം വെട്ടി പള്‍പ്പാക്കി യാണല്ലോ പേപ്പര്‍ നിര്‍മ്മിക്കുന്നത്. മരം വെട്ടുന്നത് കുറക്കാനായി ഉപയോഗിച്ചുകഴിഞ്ഞ നോട്ടുബുക്കുകള്‍, ടെക്സ്റ്റ് ബുക്കുകള്‍,മറ്റു പ്രസിദ്ധീകരണങ്ങള്‍ എന്നിവ സ്‌കൂളുകളില്‍ ശേഖരിച്ച് ലവ് ഡെയില്‍ ഫൗണ്ടേഷന് നല്‍കുന്നുണ്ട്.ഇവ പുനരുപയോഗിക്കും. പദ്ധതിയുടെ ഉദ്ഘാടനം  കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള കരുണ സ്‌കൂളില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ്  കെ പി രാമനുണ്ണി നിര്‍വഹിച്ചു.
പ്രയോജനപരതയില്‍ ഊന്നിയ പരിസ്ഥിതി സ്‌നേഹത്തിനു പകരം ഭൂമിയെ സ്‌നേഹിക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ പരിസ്ഥിതി സ്‌നേഹമാണ് ഇന്ന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. കരുണ സ്‌കൂളിലെ 100 വിദ്യാര്‍ത്ഥികള്‍ക്കുള്ള ആയിരം നോട്ടുപുസ്തകങ്ങള്‍ കെ പി രാമനുണ്ണി സ്‌കൂള്‍ ലീഡര്‍ വി അഞ്ജനക്ക് കൈമാറി. സ്‌കൂളില്‍ ശേഖരിച്ച പഴയ നോട്ടുപുസ്തകങ്ങള്‍ സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ആന്‍ മേരി ലവ് ഡെയില്‍ ഫൗണ്ടേഷന്‍ പ്രതിനിധി കെ പ്രീജോയ്ക്ക് കൈമാറി.വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ കെ  സുരേഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. സേവ് ജില്ലാ കോര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു. പ്രഫ. ശോഭീന്ദ്രന്‍ ഹരിത സന്ദേശം നല്‍കി. അബ്ദുള്ള സല്‍മാന്‍,സിസ്റ്റര്‍ വിക്ടോറിയ, ഇ മുരളീ മോഹന്‍ സംസാരിച്ചു.
ഇതേസമയം, 1119 സ്‌കൂളുകളുള്ള ജില്ലയില്‍ നിന്നും 150 ല്‍ താഴെ സ്‌കൂളുകളാണ് റജിസ്റ്റര്‍ ചെയ്തത്. സേവിന്റെ വെബ് സൈറ്റായ ംംം.മെ്‌ല്മമേസമൃമ.ംലലയഹ്യ.രീാ എന്ന പേജില്‍ നിന്നും സര്‍ക്കുലറും ഫോറവും ഡൗണ്‍ലോഡ് ചെയ്ത് 31 വരെ റജിസ്റ്റര്‍ ചെയ്യാം. സ്‌കൂളുകളില്‍ ശേഖരിച്ച പഴയ നോട്ട് പുസ്തകങ്ങളും മറ്റും ഏപ്രില്‍ മാസത്തില്‍ കൊണ്ടുപോകും. കുട്ടികള്‍ക്ക് വിതരണം ചെയ്യാനുള്ള പുതിയ നോട്ടുപുസ്തകങ്ങള്‍ ജൂണ്‍ ആദ്യം സ്‌കൂളുകളില്‍ എത്തിക്കും.

RELATED STORIES

Share it
Top