സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ സന്നദ്ധ പ്രവര്‍ത്തനവുമായി ബ്രദേഴ്‌സ് ക്ലബ്‌

നാദാപുരം: നാട്ടിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി സന്നദ്ധ പ്രവര്‍ത്തനവുമായി ഒരു ക്ലബ്. അതിലൂടെ ലഭിക്കുന്ന സംഭാവന മുഴുവന്‍ രോഗികള്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കുമായി മാറ്റിവച്ച് മാതൃകയാവുകയാണ് ഈ കൂട്ടര്‍. വാണിമേലിലെ ബ്രദേഴ്‌സ് ക്ലബ് പ്രവര്‍ത്തകരാണ് അനുകരണീയ മാതൃകയുമായി ജനങ്ങളുടെ കണ്ണിലുണ്ണികളായി മാറിയത്.
28 വര്‍ഷം മുമ്പ് തുടങ്ങിയ ബ്രദേഴ്‌സ് സ്്‌പോര്‍ട്‌സ് ക്ലബ് ഇന്ന് കളിയില്‍ മാത്രമല്ല സേവന മേഖലയിലും മുദ്ര പതിപ്പിച്ചു കഴിഞ്ഞു. ആറ് വര്‍ഷം മുമ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് സേവന രംഗത്ത് വന്ന ക്ലബ് പ്രവര്‍ത്തകര്‍ അത്യാവശ്യ ചെലവിന് പണം കണ്ടെത്താനായി കാറ്ററിങ് സര്‍വീസും ആരംഭിച്ചു. കല്യാണ വീടുകളില്‍ സേവനം ചെയ്ത് കിട്ടുന്ന വരുമാനം  ട്രസ്റ്റിന് വേണ്ടി സമര്‍പ്പിക്കുകയാണവര്‍. വിദ്യാര്‍ഥികള്‍ മുതല്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രവാസികളും സാധാരണക്കാരുമടക്കം നൂറിലേറെ പേരാണ് സന്നദ്ധ സേവനത്തിന് തയ്യാറാവുന്നത്. കാറ്ററിങ് ടീമില്‍ ജോലി ചെയ്യുന്നവര്‍ കൂലി സ്വീകരിക്കാതെയാണ് ട്രസ്റ്റിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്.
മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച കാറ്ററിങ് ടീം വളരെ ചെറിയ പരിപാടികള്‍ ഏറ്റെടുത്ത് തുടങ്ങിയതായിരുന്നു. ക്ലബ് മെംബര്‍മാര്‍ മാത്രമായിരുന്നു അന്ന് സേവനത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് നാട്ടിലെ മുഴുവന്‍ ജനങ്ങളും നെഞ്ചേറ്റിയ ഒരു വന്‍ സംരഭമായി കാറ്ററിങ് സര്‍വീസ് മാറിയിട്ടുണ്ട്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള നൂറുകണക്കിന് യുവാക്കള്‍ ടീമില്‍ വോളന്റിയര്‍മാരായി സേവനം ചെയ്യുന്നുണ്ട് വാണിമേലിലെ നിര്‍ദ്ധനരായ രോഗികള്‍ക്ക് മരുന്ന് നല്‍കാനായി മാത്രം മാസം അമ്പതിനായിരത്തോളം രൂപ ട്രസ്റ്റിന് ചെലവ് വരുന്നുണ്ട്.
അര്‍ഹരായവര്‍ക്ക് ഭക്ഷണം, ഡയാലിസിസ് രോഗികള്‍ക്ക് സഹായം എന്നിവയും ട്രസ്റ്റിന്റെ വകയായി നല്‍കിവരുന്നു. വാണിമേലില്‍ ശിഫ ട്രസ്റ്റുമായി സഹകരിച്ച് ഒരു പാലിയേറ്റീവ് ക്ലിനിക്കും ബ്രദേഴസിന്റെതായിട്ടുണ്ട്. വടകര തണലില്‍ ബ്രദേഴ്‌സ് വാണിമേലിന്റെ അഞ്ച് ഡയാലിസിസ് മെഷീനുകളുണ്ട്. പിഎസ്‌സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന മുപ്പത് പേരടങ്ങുന്ന ടീമിന് സൗജന്യ പരിശീലനവും നല്‍കി വരുന്നുണ്ട്.
ഇതിന്റെയൊക്കെ ചെലവിന് പണം കണ്ടെത്താനാണ് ട്രസ്റ്റ് കാറ്ററിങ് സര്‍വീസ് ആരംഭിച്ചത്. സേവനത്തിന് കൂലി നിശ്ചയിക്കാതെ സംഭാവന സ്വീകരിക്കുക എന്ന രീതിയിലാണ് കാറ്ററിങ് നടത്തിക്കൊടുക്കുന്നത്. ഇക്കാര്യത്തില്‍ നാട്ടുകാര്‍ നന്നായി സഹകരിക്കുന്നതായി ട്രസ്റ്റ് ചെയര്‍മാന്‍ പി ഷൗക്കത്തലി സെക്രട്ടറി എ പി അസ്‌ലം എന്നിവര്‍ പറഞ്ഞു. ട്രസ്റ്റ് അംഗങ്ങളായ ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍, ഗസറ്റഡ് ഓഫിസര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സന്നദ്ധ സേവനത്തില്‍ പങ്കാളികളാവുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top