സേവനത്തിന്റെ പത്തു വര്‍ഷം പിന്നിട്ട് ഫ്രന്റ്‌സ് ഓഫ് പേഷ്യന്റ്

അമ്പലപ്പുഴ: ആരോരുമില്ലാതെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് കൈത്താങ്ങായ ഫ്രന്റ്‌സ് ഓഫ് പേഷ്യന്റ്‌സ് സംഘടനയുടെ പ്രവര്‍ത്തനം പത്തു വര്‍ഷം പിന്നിടുന്നു. ആംബുലന്‍സ് ഡ്രൈവറായിരുന്ന കെ എ അമീറെന്ന യുവാവിന് ആശുപത്രിയില്‍ കണ്ട നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ് നിര്‍ധന രോഗികള്‍ക്ക് സ്വാന്തന സ്പര്‍ശമായ സംഘടനക്ക് രൂപം നല്‍കാന്‍ പ്രചോദനമായത്.
ആശുപത്രി കിടക്കയില്‍ വച്ചു മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാതെ വിങ്ങിപ്പൊട്ടുന്ന യുവതിയുടെ ദയനീയ ചിത്രം ഇപ്പോഴും അമീറിന്റെ മനസ്സില്‍ നിന്നും മായുന്നില്ല. പത്തു വര്‍ഷം മുന്‍പായിരുന്നു സംഭവം. ഒപ്പം രണ്ടു പേരെക്കൂട്ടി ബന്ധുക്കള്‍ ആരുമില്ലാതിരുന്ന യുവതിയുടെ ഭര്‍ത്താവിന്റെ മൃതദേഹം സ്വന്തം ആംബുലന്‍സില്‍ നാട്ടിലെത്തിക്കുകയായിരുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച അഞ്ചു വയസുകാരനായ കുട്ടി മാത്രമാണ് ഇവര്‍ക്കുണ്ടായിരുന്നത്. സംസ്‌കാര ചടങ്ങിന് വേണ്ട സഹായങ്ങളെല്ലാം ചെയ്തതിനു ശേഷം പുലര്‍ച്ചെയാണ് അമീറും കൂട്ടരും തിരികെയെത്തിയത്. അടുത്ത ദിവസം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തെ ഒരു കടമുറിയില്‍ ഇരുന്ന് സേവന സന്നദ്ധരായ നാലു യുവാക്കളെ സംഘടിപ്പിച്ച് ഫ്രന്റ്‌സ് ഓഫ് പേഷ്യന്റ്‌സ് സംഘടനക്ക് രൂപം നല്‍കുന്നത്. ഇന്ന് നിരവധി പേര്‍ സംഘടനയിലുണ്ട്. ആശുപത്രി കിടക്കയില്‍ ഒറ്റപ്പെട്ടു പോയ വര്‍ക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം, രക്തദാനം, കൂട്ടിരുപ്പ് തുടങ്ങിയവയാണ് സംഘടനയുടെ സേവനങ്ങള്‍. എല്ലാ രോഗികള്‍ക്കും ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്. വാഹനാപകടത്തി ല്‍പ്പെട്ട് എത്തുന്നവര്‍ക്ക് എക്‌സ്‌റെ, സ്‌കാനിങ്, എം ആര്‍ ഐ, തുടങ്ങിയ ചികില്‍സാ സഹായങ്ങള്‍ ചെയ്തു കൊടുക്കും. വനിതാക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരോരുമില്ലാത്ത സ്ത്രീകള്‍ക്ക് വാടക വീടെടുത്ത് രാപ്പകല്‍ ഭേദമില്ലാതെ ശിശ്രൂഷ നല്‍കുന്നു.
അന്ധനായ കോടംതുരുത്ത് സ്വദേശി ഷിജിന്‍ എന്ന യുവാവിന് സംഘടനയുടെ നേതൃത്യത്തില്‍ കഴിഞ്ഞ ദിവസം ഒരു സ്റ്റേഷനറി  കട ഒരുക്കി ന ല്‍കിയിരുന്നു. നിര്‍ധനരും, കൂലിപ്പണിക്കാരുമായ ഒരു കൂട്ടം ചെറുപ്പക്കാര്‍ തങ്ങളുടെ ചെറിയ വരുമാനത്തില്‍ നിന്നും മിച്ചം പിടിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നത്. കാരുണ്യമതികളുടെ സഹായവും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഫെഡറല്‍ ബാങ്ക് വണ്ടാനം ശാഖയില്‍ 15670 1000 17667 നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്‌സി കോഡ് എഫ്ഡിആര്‍എല്‍ 000 1567 .ഫോണ്‍  9947718333.

RELATED STORIES

Share it
Top