സേനയിലെ 'സഹായക്' സിസ്റ്റത്തിനെതിരായ ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചുമാനന്തവാടി: ഇന്ത്യന്‍ സേനയിലെ സഹായക് സിസ്റ്റം നിര്‍ത്തലാക്കാനും നാസികിലെ പട്ടാള ക്യാംപില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കൊല്ലം എഴുകോണ്‍ കാര്യവേലില്‍ റോയി മാത്യുവിന്റെ മരണകാരണം സുപ്രിംകോടതിയുടെ മേല്‍നേട്ടത്തില്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ നല്‍കിയ റിട്ട് ഹരജി ഫയലില്‍ സ്വീകരിച്ചതായി വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് എക്‌സ് ആര്‍മി ഏവിയേഷന്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി ജെ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുപ്രിംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ മുഖേനയാണ് റിട്ട് ഫയല്‍ ചെയ്തത്. കോടതി റിട്ട് ഫയലില്‍ സ്വീകരിച്ച് കരസേനാ മേധാവിക്കും പ്രതിരോധ മന്ത്രാലയം സെക്രട്ടറിക്കും നാസിക് ദേവ് ലാലി പോലിസിനും നോട്ടീസയക്കാന്‍ ഉത്തരവിട്ടു. സൈന്യത്തിലെ ജവാന്മാരെ ഉയര്‍ന്ന ഓഫിസര്‍മാരുടെയും അവരുടെ കുടുംബാംഗങ്ങളും സ്വകാര്യജോലിയും വീട്ടുവേലയും പട്ടാളനിയമങ്ങളുടെ മറവില്‍ ചെയ്യിക്കുന്നത് അവസാനിപ്പിക്കാന്‍ ഉത്തരവാകണമെന്നും നാസികിലെ ആര്‍ട്ടിലറി കേണല്‍ അനില്‍ ജത്തിലിയ എന്ന ഓഫിസറുടെ വീട്ടില്‍ സഹായക് ആയി നിയോഗിക്കപ്പെട്ട് നിര്‍ബന്ധിത തൊഴില്‍ ചെയ്യുന്ന സമയത്താണ് റോയി ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഇത് അത്മഹത്യയാക്കി തീര്‍ക്കുന്നതിന് ആര്‍മി ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും ഹരജിയില്‍ പറയുന്നു. രാജ്യത്ത് വിവിധ വിഭാഗങ്ങളില്‍ 15 ലക്ഷത്തിലധികം പേര്‍ പട്ടാളത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഒരു ഓഫിസര്‍ക്ക് അഞ്ചിലധികം ജവാന്‍മാര്‍ സഹായക് എന്ന പേരില്‍ ജോലി ചെയ്യുന്നു. ഇതു നിയമലംഘനമാണ്. ഈ വിവരം ക്യാംപിലെത്തിയ മാധ്യമപ്രവര്‍ത്തക പൂനം അഗര്‍വാള്‍ റിപോര്‍ട്ട് ചെയ്യുകയും പിന്നാലെ അവരെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ജവാന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ഹരജിയില്‍ പറയുന്നു. ഈ മാസം ആറിനാണ് സുപ്രിംകോടതിയില്‍ ജസ്റ്റിസ് ജെ ചെലമേശ്വര്‍ വാദം കേട്ട് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്. കേസ് ജൂലൈയില്‍ വീണ്ടും പരിഗണിക്കും.

RELATED STORIES

Share it
Top