സെല്‍ യോഗത്തിനിടെ ദുരിതബാധിതരുടെ പ്രതിഷേധം

വിദ്യാനഗര്‍: എന്‍ഡോസള്‍ഫ ാന്‍ ദുരിതബാധിതരുടെ ബഹളത്തിനിടയില്‍ കലക്ടറേറ്റില്‍ സെല്‍ യോഗം. അര്‍ഹരായ മുഴുവന്‍ ദുരിതബാധിതരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, വായ്പ എഴുതിത്തള്ളുക, ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദുരിതബാധിതരും അവരുടെ അമ്മമാരും സെല്‍ യോഗം നടക്കുന്ന ഹാളിനു മുന്നില്‍ അതിരാവിലെ തന്നെ തടിച്ചുകൂടിയിരുന്നു. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുമായി അമ്മമാര്‍ യോഗം നടക്കുന്ന ഹാളില്‍ കയറിയിരുന്നു. സെല്ലിലുള്ള അംഗങ്ങള്‍ മാത്രമേ യോഗത്തില്‍ ഇരിക്കാവുയെന്നും യോഗത്തിനുശേഷം എല്ലാവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കാമെന്നും സെല്‍ചെയര്‍മാന്‍ കൂടിയായ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞതോടെയാണ് ഇരകള്‍ ഹാള്‍ വിട്ടത്. യോഗം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ദുരിതബാധിതര്‍ വാതില്‍ തള്ളിത്തുറന്ന് അകത്തുകയാറാന്‍ ശ്രമിച്ചപ്പോള്‍ പോലിസുകാര്‍ തടഞ്ഞു. ശക്തമായ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ദുരിതബാധിതര്‍ പ്രതിഷേധിച്ചത്. സെല്‍ യോഗത്തില്‍ പ്രധാനമായും ചര്‍ച്ച നടന്നത് ദുരിതബാധിതര്‍ക്കുവേണ്ടി 2017 ഏപ്രിലില്‍ നടന്ന മെഡിക്കല്‍ ക്യാംപിനെച്ചൊല്ലിയാണ്. ക്യാംപില്‍ നിന്നും കണ്ടെത്തിയ 1905 പേരുടെ ലിസ്റ്റ് പ്രഖ്യാപിക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി നേതാവ് മുനീസ അമ്പലത്തറ ആവശ്യപ്പെട്ടു. ഈ ലിസ്റ്റില്‍ നിന്ന് 287 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും 687 പേര്‍ക്ക് ചികില്‍സാ ആനുകൂല്യം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തത് ലിസ്റ്റില്‍ നിന്നും പരമാവധി ആളെ കുറയ്ക്കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നും മുനീസ ആരോപിച്ചു. എന്നാല്‍ 1905 എന്ന ലിസ്റ്റ് സെല്‍ അംഗീകരിച്ചതല്ലെന്നും മെഡിക്കല്‍ സംഘം പ്രാഥമികമായി തയാറാക്കിയ പട്ടികയില്‍ നിന്നും പരിശോധനയ്ക്കയച്ച ലിസ്റ്റ് ആയിരുന്നെന്നും അഞ്ചു ഘട്ടമായി പരിശോധന നടത്തിയാണ് അന്തിമലിസ്റ്റ് തയാറാക്കിയതെന്നും ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. ലിസ്റ്റിനെക്കുറിച്ച് പരാതിയുള്ളവര്‍ കലക്ടര്‍ക്ക് പരാതി നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതുവരെ 87 പരാതികള്‍ മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും കലക്ടര്‍ പറഞ്ഞു.രോഗികളെ വീണ്ടും മെഡിക്കല്‍ ക്യാംപിന്റെ നടത്തിക്കാതെ പട്ടികയില്‍ നിന്ന് നീക്കംചെയ്യപ്പെട്ടവരോ അവവരുടെ ബന്ധുക്കളോ ദുരിതബാധിതമേഖലയില്‍ താമസിച്ചവരാണോയെന്നു പരിശോധിച്ച് ഇവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സിപിഎം നേതാവ് കെ പി സതീഷ്ചന്ദ്രന്‍ ആവശ്യപ്പെട്ടു. ദുരിതബാധിത ലിസ്റ്റില്‍ ചേര്‍ക്കാനുള്ള മാനദണ്ഡങ്ങള്‍ മാറ്റണമെന്ന് സെല്‍ അംഗം പി മുരളീധരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാനദണ്ഡങ്ങള്‍ മാറ്റിയാല്‍ ദേശീയ മനുഷ്യാവകാശകമ്മീഷന്‍ നിര്‍ദേശങ്ങള്‍ക്ക് എതിരാകുമെന്ന് എന്‍ആര്‍എച്ച്എം ജില്ലാ കോഓഡിനേറ്റര്‍ ഡോ.രാമന്‍ സ്വാതിവാമന്‍ പറഞ്ഞു.അര്‍ഹരായ പലരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും എന്‍ഡോസള്‍ഫാന്‍ മൂലം മരണപ്പെട്ട ഒരു കുടുംബത്തിനുള്ള ആനുകൂല്യം ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചതായും കെ കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു. ദുരിതബാധിതരായ കുട്ടികളെയുമെടുത്തുകൊണ്ട് സമരം നടത്തുന്നവര്‍ക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുക്കണമെന്ന് കെ ബി മുഹമ്മദ്കുഞ്ഞി പറഞ്ഞത് യോഗത്തില്‍ ബഹളത്തിനിടയാക്കി. ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ രേഖകള്‍ പരിശോധിക്കാന്‍ 11 ദുരിതബാധിത പഞ്ചായത്തുകളില്‍ സാമൂഹികനീതിവകുപ്പ്, എന്‍ആര്‍എച്ച്എം, ഡിഎംഒ, ജില്ലാകലക്ടര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പരിശോധന നടത്താനും തീരുമാനമായി. ഈ പഞ്ചായത്തുകളില്‍ പെടാത്തവര്‍ക്ക് അടുത്ത പഞ്ചായത്തുകളില്‍ നടത്തുന്ന പരിശോധനയില്‍ പങ്കെടുക്കാം. ഈമാസം 20നകം തീയതി തീരുമാനിക്കണമെന്നും സെല്‍ ചെയര്‍മാന്‍ കൂടിയായ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ഹാളിനു പുറത്ത് പ്രതിഷേധിച്ച മുഴുവന്‍ ആളുകളില്‍ നിന്നും മന്ത്രി നിവേദനം വാങ്ങുകയും തീരുമാനം അറിയിക്കാന്‍ പ്രതിഷേധക്കാരെ ഹാളിലേയ്ക്ക് വിളിച്ചിരുത്തുകയും ചെയ്തു.

RELATED STORIES

Share it
Top