സെലീന വധം: പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു

അടിമാലി: സാമൂഹിക പ്രവര്‍ത്തകയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കെതിരെ അടിമാലി പൊലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തൊടുപുഴ വണ്ടമറ്റം പടികുഴയില്‍ ഗിരോഷ് ഗോപാലകൃഷ്ണ(30)നെതിരെയാണ് അടിമാലി ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇരുമ്പുപാലം പതിനാലാംമൈല്‍ ചാരുവിള പുത്തന്‍വീട് സിയാദിന്റെ ഭാര്യ സെലീന (38)യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഗിരോഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഗിരോഷ് ഇപ്പോള്‍ റിമാന്റിലാണ്. തിരുവനന്തപുരത്ത് നിന്നും കെമിക്കല്‍ എക്‌സാമിനേഷന്‍ റിപോര്‍ട്ട് വേഗത്തില്‍ ലഭിച്ചതാണ് 87ാം ദിവസം കുറ്റപത്രം സമര്‍പ്പിക്കാനായത്. 2017 ഒക്‌ടോബര്‍ 10ന് ന് ഉച്ചക്ക് 2 മണിക്കാണ് ഗിരോഷ് സെലീനയെ വീട്ടില്‍വച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മാറിടം അറുത്തുമാറ്റി. ഇതുമായി സ്വന്തം വീട്ടിലെത്തുകയും ചെയ്തു. രാത്രി 8 മണിയോടെയാണ് സംഭവം പുറംലോകമറിയുന്നത്. 11.10.2017ന് പുലര്‍ച്ചെ ഗിരോഷിനെ തൊടുപുഴയിലെ വീട്ടില്‍ നിന്ന് പൊലിസ് അറസ്റ്റ് ചെയ്യുകയും കിടപ്പുമുറിയില്‍ നിന്ന് സെലീനയുടെ മാറിടം പൊലിസ് കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ 59 സാക്ഷികളും കൊലക്കുപയോഗിച്ച കത്തിയും ഉള്‍പ്പെടെ സുപ്രധാന തെളിവുകള്‍ പൊലിസ് കോടതിയില്‍ കുറ്റപത്രത്തില്‍ വിവരിക്കുന്നുണ്ട്. 2015ല്‍ ഗിരോഷ് അടിമാലി ബസ് സ്റ്റാന്റില്‍ തന്റെ കമ്പ്യുട്ടര്‍ സ്ഥാപനത്തില്‍ വെച്ച് ജീവനക്കാരിയെ പീഡിപ്പിച്ചു. മാങ്കുളം സ്വദേശിനിയും അനാഥയുമായ ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം പൊലിസ് കേസിലേക്ക് നീങ്ങിയിരുന്നു. സാമൂഹിക പ്രവര്‍ത്തകയും കൗണ്‍സിലറുമായ സെലീന ഈ വിഷയത്തില്‍ ഇടപെടുകയും പ്രശ്‌നം രമ്യതയിലെത്തിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ഗിരോഷ് വിവാഹം ചെയ്യണമെന്നതായിരുന്ന വ്യവസ്ഥ. 2015 ഏപ്രില്‍ മാസത്തില്‍ തൊടുപുഴ അമ്പലത്തില്‍ വച്ച് ഈ പെണ്‍കുട്ടിയെ ഗിരോഷ് വിവാഹം കഴിച്ചു. എന്നാല്‍, ഗിരോഷിനെ കൊല്ലപ്പെട്ട സെലീന ഭീഷണിപ്പെടുത്തി പലകുറി പണം വാങ്ങി. പിന്നീട് കാര്‍ വാങ്ങിയപ്പോള്‍ ഗിരോഷിന്റെ പേരില്‍ വാങ്ങുകയും സിസി ഇടുകയും ബാക്കി നല്‍കേണ്ട പണം ഗിരോഷിനേകൊണ്ട് നല്‍കിപ്പിക്കുകയും ചെയ്തു. പിന്നീട് സെലീന വീട്ടിലുണ്ടെന്ന് മനസിലാക്കിയ ഗിരോഷ് തന്റെ ബൈക്കില്‍ സെലീനയുടെ വീട്ടിലെത്തി. ഈ സമയം സെലീന മുറ്റത്ത് കുളിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ ആശുപത്രിയിലാണെന്നും തനിക്ക് കുറച്ച് പണം നല്‍കണമെന്നും സെലീനയോട് ആവശ്യപ്പെട്ടു. സെലീന പണം നല്‍കില്ലെന്നറിയിച്ചതോടെ പ്രകോപിതനായ ഗിരോഷ് തന്റെ കൈയില്‍ കരുതിയ കഠാര ഉപയോഗിച്ച് സെലീനയുടെ കഴുത്തില്‍ കുത്തിവീഴ്ത്തി. പലകുറി കുത്തി മരണം ഉറപ്പിച്ചശേഷം തന്റെ ബൈക്കില്‍ പോകാന്‍ റോഡിലേക്കിറങ്ങിയെങ്കിലും അരിശം തീരാഞ്ഞ് തിരികെ വീണ്ടും എത്തുകയും ഇടത് മാറ് മുറിച്ചെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തു.

RELATED STORIES

Share it
Top