സെറ്റ്‌ടോപ് ബോക്‌സുകളില്‍ ചിപ്പ് ഘടിപ്പിക്കാന്‍ കേന്ദ്രനീക്കം

ന്യൂഡല്‍ഹി: പ്രേക്ഷകര്‍ കാണുന്ന ചാനല്‍ ഏതെന്നടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കാനുതകുന്നതരത്തില്‍ ടെലിവിഷന്‍ സെറ്റ്‌ടോപ് ബോക്‌സുകളില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പുതിയ ടെലിവിഷന്‍ സെറ്റ്‌ടോപ് ബോക്‌സുകളില്‍ അത്യാധുനിക ചിപ്പ് ഉള്‍പ്പെടുത്തിയാണ് കാണുന്ന ചാനലുകള്‍ ഏതെന്നതും ഇതിന്റെ ദൈര്‍ഘ്യവും രേഖപ്പെടുത്താന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം ഒരുങ്ങുന്നത്. ടെലിവിഷന്‍ ചാനലുകളുടെ യഥാര്‍ഥ കാണികളുടെ എണ്ണം കൃത്യമായി കണക്കാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയവൃത്തങ്ങള്‍ പ്രതികരിച്ചു.
പുതിയ സംവിധാനത്തിലൂടെ ചാനല്‍ പ്രേക്ഷകരുടെ എണ്ണം വ്യക്തമായി കണക്കാക്കാനാവുമെന്നാണു വിലയിരുത്തുന്നത്. ഇതിലൂടെ സര്‍ക്കാര്‍ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ട്ടൈസിങ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റി(ഡിഎവിപി)ക്ക് കാണികളുടെ എണ്ണം കണക്കാക്കി പരസ്യം നല്‍കാനാവും. ഇതു സര്‍ക്കാരിന്റെ പരസ്യ ചെലവുകളില്‍ ഗണ്യമായ കുറവുവരുത്തുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
പുതിയ സെറ്റ്‌ടോപ് ബോക്‌സുകളില്‍ ചിപ്പു ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഡിടിഎച്ച് സേവനദാതാക്കള്‍ക്കു നിര്‍ദേശം നല്‍കണമെന്നു വാര്‍ത്താവിനിമയ മന്ത്രാലയം ട്രായിക്ക് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു. സര്‍ക്കാര്‍ ചാനലായ ദൂരദര്‍ശന്റെ യഥാര്‍ഥ പ്രേക്ഷകരുടെ എണ്ണം കണക്കാക്കലും ഈ നീക്കത്തിനു പിന്നിലുണ്ടെന്നാണ് റിപോര്‍ട്ട്. ടെലിവിഷന്‍ ചാനലുകളുടെ വ്യൂവര്‍ഷിപ്പ് കണക്കാക്കുന്ന ബ്രോഡ്കാസ്റ്റിങ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ കുത്തക തകര്‍ക്കലും നീക്കത്തിനു പിന്നിലുണ്ടെന്നാണു വിലയിരുത്തല്‍.
അതേസമയം, ചിപ്പ് ഘടിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്തെ ജനങ്ങളുടെ കിടപ്പുമുറിയില്‍ എന്താണു നടക്കുന്നതെന്നറിയാനുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ആകാംക്ഷയാണു നടപടിക്കു പിന്നിലെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആരോപിച്ചു. മോദി സര്‍ക്കാര്‍ നിരീക്ഷണ സര്‍ക്കാരാണ്. ജനങ്ങളുടെ കിടപ്പുമുറിയിലെ കാര്യങ്ങള്‍ മനസ്സിലാക്കാനാണു നീക്കം. ഇതു ഗുരുതരമായ നിയമലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.

RELATED STORIES

Share it
Top