സെമി കാണാതെ കേരളം പുറത്ത്
സൂറത്ത്: ഇങ്ങനെയൊരു തോല്‍വി കേരളം സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. കേരള ക്രിക്കറ്റ് ആരാധകര്‍ക്ക് വാനോളം  സ്വപ്‌നങ്ങള്‍ സമ്മാനിച്ച് ജയിച്ചു കയറാനിറങ്ങിയ കേരളത്തേ വിദര്‍ഭ താരങ്ങള്‍ കശക്കിയെറിഞ്ഞപ്പോള്‍ പൊലിഞ്ഞുപോയത് ഒരു സംസ്ഥാനത്തിന്റെ സെമി പ്രതീക്ഷകളായിരുന്നു. 412 റണ്‍സിനാണ് കേരളത്തെ വിദര്‍ഭ പരാജയപ്പെടുത്തിയത്. ആറ് വിക്കറ്റ് വീഴ്ത്തിയ സര്‍വാതിന്റെ ബൗൡങാണ് കേരളത്തെ തകര്‍ത്തത്.നേരത്തേ നാലാം ദിനം കളിയവസാനിക്കുമ്പോള്‍ വിജയത്തിന്റെ പ്രതീക്ഷയ്ക്ക് പോലും വകനല്‍കാതെയാണ് വിദര്‍ഭ കേരളത്തിനെ തകര്‍ത്തു വിട്ടത്.  മികച്ച ടോട്ടലിലേക്ക് കുതിക്കുകയായിരുന്ന വിദര്‍ഭ ഇന്നലെ രണ്ടാം ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 507 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒപ്പം 597 റണ്‍സിന്റെ കൂറ്റന്‍ ലീഡ് കേരളത്തിന്റെ മുന്നില്‍ നീട്ടി. ഇന്നലെ അപൂര്‍വ്വങ്ങളിലപൂര്‍വമായ 597 റണ്‍സ് എടുക്കുക എന്ന അല്‍ഭുതം സംഭവിച്ചാല്‍ മാത്രമേ കേരളത്തിന്റെ സെമി പ്രതീക്ഷ ഉറപ്പിക്കാന്‍ പറ്റുമായിരുന്നുള്ളൂ. പക്ഷേ, ഇന്നലെയും കേരളം 165 റണ്‍സെന്ന പരിതസ്ഥിതിയില്‍ പുറത്തായപ്പോള്‍ വിദര്‍ഭ സെമിയിലേക്ക് ടിക്കറ്റെടുക്കുകയും ചെയ്തു. കേരളത്തിന് വേണ്ടി സല്‍മാന്‍ നിസാറാണ് (64)അല്‍പമൊന്ന് പിടിച്ചു നിന്നത്.ഇന്നലെ ആറു വിക്കറ്റിന് 431 എന്ന നിലയില്‍ നിന്ന് ബാറ്റു വീശിയ വിദര്‍ഭയ്ക്ക് ഏഴു റണ്‍സെടുത്ത കരണ്‍ ശര്‍മയെ നഷ്ടമായി. കരണ്‍ ശര്‍മയെ എം ഡി നിധീഷ് സഞ്ജുവിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ചെറുതായൊന്ന് സ്‌കോറിങ് കൂടിയെങ്കിലും 22 റണ്‍സെടുത്ത ആദിത്യ സര്‍വാതയെ അക്ഷയ് മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ച് മടക്കി. സ്‌കോര്‍ 507 ല്‍ നില്‍ക്കെ ഒമ്പതാമനായി രജ്‌നീഷ് ഗുര്‍ബാനിയും(2) മടങ്ങിയതോടെ ഏകദേശം വിജയം കൈക്കലാക്കി വിദര്‍ഭ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.അപ്രതീക്ഷിത 597 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളത്തിന് സ്‌കോര്‍ അഞ്ചില്‍ നില്‍ക്കെ മികച്ച ഓള്‍ റൗണ്ടര്‍ ജലജ് സക്‌സേനയെ(4) നഷ്ടമായി. ഗുല്‍ബര്‍ണിയുടെ പന്തില്‍ എല്‍ ബിയില്‍ കുരുങ്ങിയായിരുന്നു സക്‌സേനയുടെ മടക്കം. പിന്നീട് സല്‍മാന്‍ നിസാറിനെ കൂട്ടുപിടിച്ച്  മികച്ച മുന്നേറ്റം നടത്തിക്കൊണ്ടിരുന്ന മുഹമ്മദ് അസ്ഹറുദ്ദീനെ(28) അക്ഷയ് വഖാറെ വാംഖഡെയുടെ കൈകളിലെത്തിച്ച് കേരളത്തിന്റെ രണ്ടാം വിക്കറ്റും പിഴുതു. പിന്നീട് സഞ്ജുവിനെ കൂട്ടുപിടിച്ച് നിസാര്‍ സ്‌കോറിങ് ഉയര്‍ത്തിയെങ്കിലും സ്‌കോര്‍ 86 ല്‍ നില്‍ക്കെ 18 റണ്‍സെടുത്ത സഞ്ജു കരണ്‍ശര്‍മയുടെ പന്തില്‍ വാംഖഡെയുടെ കൈയില്‍ പിടി കൊടുത്ത് മടങ്ങി. വീണ്ടും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ(26) കൂട്ടുപിടിച്ച് നിസാര്‍ ചെറുത്തു നില്‍പ്പ് തുടര്‍ന്നു. പക്ഷേ, സ്‌കോര്‍ 137 റണ്‍സില്‍ നില്‍ക്കെ 34ാമത്തെ ഓവറില്‍ ഗുല്‍ബര്‍ണി തന്റെ രണ്ടാം എല്‍ ബി മന്ത്രത്തിലൂടെ സച്ചിനെ വീഴ്ത്തി. അരുണ്‍ കാര്‍ത്തികും (3) വന്നതുപോലെ മടങ്ങി.  പിന്നീട് വന്ന ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച ബേസില്‍ തമ്പിയും(0) കെ സി അക്ഷയും സര്‍വാതെയുടെ എല്‍ ബിയില്‍ പൂജ്യനായി മടങ്ങി. എം ഡി നിധീഷിനും (6) സന്ദീപ് വാര്യര്‍ക്കും(4) വന്ന പാടെ മടങ്ങേണ്ടി വന്നു. കേരള നിരയില്‍ രോഹന്‍ പ്രേം 13 റണ്‍സുമായി പുറത്താകാതെ നിന്നു. വിദര്‍ഭയ്ക്ക് വേണ്ടി ആദിത്യ സര്‍വതെ ആറു വിക്കറ്റുമായി തിളങ്ങി നിന്നു. രജിനേഷ് ഗുര്‍ബാനിയാണ് കളിയിലെ താരം.

RELATED STORIES

Share it
Top