സെമിയില്‍ പ്രീമിയര്‍ ലീഗ് ആധിപത്യം

മോസ്‌കോ: ലോകകപ്പ് സെമിയില്‍ കളിക്കുന്ന കളിക്കാരില്‍ അഞ്ചു പ്രീമിയര്‍ ലീഗുകള്‍ക്ക് ആധിപത്യം. ഇതില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനാണു മുന്‍തൂക്കം കൂടുതല്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പയറ്റിത്തെളിഞ്ഞ 41 കളിക്കാരാണു സെമിയില്‍ ബൂട്ട് കെട്ടുന്നത്. ഇംഗ്ലീഷ് ടീമിലെ 23 കളിക്കാര്‍ക്ക് പുറമെ ബെല്‍ജിയം, ഫ്രാന്‍സ് ടീമുകളിലും പ്രീമിയര്‍ ലീഗിലെ കളിക്കാര്‍ കൂടുതലായുണ്ട്.
സ്പാനിഷ് ലാലിഗ, ജര്‍മന്‍ ബുണ്ടസ് ലിഗ, ഇറ്റാലിയന്‍ സീരി എ, ഫ്രഞ്ച് ലീഗ് വണ്‍ ലീഗുകളില്‍ നിന്നാണ് 81 കളിക്കാരുള്ളത്. ആകെ 92 കളിക്കാരാണു സെമിയില്‍ നാല് ടീമുകളില്‍ നിന്നായി കളിക്കാനുള്ളത്.
ലാലിഗയില്‍ നിന്നും ഫ്രഞ്ച് ലീഗ് വണ്ണില്‍ നിന്നും 12 വീതം കളിക്കാരും ഇറ്റാലിയന്‍ സീരി എ, ബുണ്ടസ് ലിഗ എന്നിവിടങ്ങളില്‍ നിന്ന് എട്ടു വീതം കളിക്കാരുമുണ്ട്. മറ്റ് ലീഗുകളില്‍ നിന്നായി 11 കളിക്കാരാണുള്ളത്. ഏറ്റവും കൂടുതല്‍ പ്രീമിയര്‍ ലീഗ് താരങ്ങളുള്ളത് മുന്‍നിര ക്ലബ്ബുകളിലൊന്നായ ടോട്ടനത്തില്‍ നിന്നു തന്നെയാണ്. സെമിയില്‍ കളിക്കുന്ന പ്രീമിയര്‍ ലീഗ് താരങ്ങളെയും ക്ലബ്ബുകളെയും കുറിച്ച്:

ടോട്ടനം ഹോട്‌സ്പര്‍
(9 താരങ്ങള്‍)
പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ലബ്ബുകളിലൊന്നായ ടോട്ടനം ഹോട്‌സ്പറില്‍ നിന്നും ഒമ്പത് താരങ്ങളാണു സെമിയില്‍ കളിക്കുന്നത്. ഇവയില്‍ മിക്കവരും ഇംഗ്ലണ്ട്, ബെല്‍ജിയം ടീമുകള്‍ക്കു വേണ്ടിയാണ് കളിക്കുന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, ടീമംഗങ്ങളായ ഡാനി റോസ്, എറിക് ഡയര്‍, കിറെന്‍ ട്രിപ്പിയര്‍, ഡെലെ അലി എന്നിവര്‍ ടോട്ടനത്തിലും ഒരുമിച്ച് കളിക്കുന്നവരാണ്. ബെല്‍ജിയം ടീമിലെ ടോട്ടിനംകാര്‍ ടോബി ആല്‍ഡര്‍വെയ്‌റല്‍ഡ്, യാന്‍ വെര്‍ട്ടോന്‍ഗന്‍, മൂസ ഡെംബെലെ എന്നിവരാണ്. കൂടാതെ ഫ്രഞ്ച് ക്യാപ്റ്റനും ഗോളിയും ഹ്യൂഗോ ലോറിസും ടോട്ടനത്തിന്റെ താരമാണ്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
(ഏഴ് താരങ്ങള്‍)
ഇംഗ്ലണ്ടിലെ ഗ്ലാമര്‍ ടീമും ലോകത്തില്‍ തന്നെ ഏറ്റവുമധികം സമ്പത്തും ആരാധകരുമുള്ള ക്ലബ്ബുമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഏഴു താരങ്ങളാണു ലോകകപ്പ് സെമിയിലുള്ളത്. ഇംഗ്ലണ്ട് താരങ്ങളായ ജെസ്സി ലിന്‍ഗാര്‍ഡ്, മാര്‍ക്കസ് റഷ്‌ഫോര്‍ഡ്, ആഷ്‌ലി യങ് എന്നിവര്‍ യുനൈറ്റഡില്‍ നിന്നുള്ളവരാണ്. യുനൈറ്റഡഡ് താരം ഫില്‍ ജോണ്‍സും ഇംഗ്ലീഷ് ടീമിലുണ്ടെങ്കിലും റിസര്‍വ് നിരയിലാണു സ്ഥാനം.
ബെല്‍ജിയം താരങ്ങളായ റൊമേലു ലുക്കാക്കു, മരൗനെ ഫെല്ലയ്‌നി, ഫ്രാന്‍സിന്റെ സൂപ്പര്‍താരം പോള്‍ പോഗ്ബ എന്നിവരാണ് യുനൈറ്റഡിന്റെ മറ്റു കളിക്കാര്‍.

മാഞ്ചസ്റ്റര്‍ സിറ്റി
(ആറ് താരങ്ങള്‍)

യുനൈറ്റഡിന്റെ നഗരവൈരികളും കഴിഞ്ഞ സീസണിലെ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരുമായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആറു കളിക്കാര്‍ ലോകകപ്പ് സെമിയിലുണ്ട്. ഇംഗ്ലണ്ട് താരങ്ങളായ കൈല്‍ വാക്കര്‍, ജോണ്‍ സ്‌റ്റോണ്‍സ്, റഹീം സ്‌റ്റെര്‍ലിങ്, ഫാബിയന്‍ ഡെല്‍ഫ് എന്നിവരാണ് ഇംഗ്ലീഷ് ടീമിലെ സിറ്റി താരങ്ങള്‍.
ബെല്‍ജിയത്തിന്റെ സൂപ്പര്‍ താരമായ കെവിന്‍ ഡിബ്രുയ്‌നും സിറ്റിക്കു വേണ്ടിയാണു കളിക്കുന്നത്. കൂടാതെ സിറ്റിയുടെ മുന്‍ ക്യാപ്റ്റനായ ഡിഫന്‍ഡര്‍ വിന്‍സെന്റ് കൊംപനിയും ബെല്‍ജിയം ടീമിലെ നിര്‍ണായക താരമാണ്. ഫ്രഞ്ച് താരം ബെഞ്ചമിന്‍ മെന്‍ഡിയുടെ ക്ലബ്ബും സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റി തന്നെ.

ചെല്‍സി (അഞ്ച് താരങ്ങള്‍)

മുന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ചെല്‍സിയുടെ അഞ്ചു താരങ്ങള്‍ ലോകകപ്പ് സെമി ഫൈനലില്‍ കളിക്കുന്നുണ്ട്. ബെല്‍ജിയത്തിന്റെ തുറുപ്പുചീട്ടുകളായ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഈഡന്‍ ഹസാര്‍ഡും ഗോളി തിബോട്ട് കോട്വയും ചെല്‍സി താരങ്ങളാണ്. ബെല്‍ജിയത്തിന്റെ ക്യാപ്റ്റന്‍ കൂടിയാണു ഹസാര്‍ഡ്.
ഫ്രാന്‍സിന്റെ രണ്ടു പേര്‍ ചെല്‍സിയില്‍ നിന്നുള്ളവരാണ്. സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂഡും മിഡ്ഫീല്‍ഡര്‍ എന്‍ഗോലോ കാന്റെയുമാണിവര്‍. കൂടാതെ ചെല്‍സിയുടെ ഗാരി കാഹിലും ഇംഗ്ലണ്ടിനായി കളിക്കുന്നുണ്ട്.

RELATED STORIES

Share it
Top