സെന്‍ട്രല്‍ ജയിലുകളില്‍ ആര്‍ട് ഗാലറികള്‍ ആരംഭിക്കും : ലളിത കലാ അക്കാദമികൊച്ചി: സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍  ആര്‍ട് ഗാലറികളും കാന്‍സര്‍ സെന്ററുകളിലും മെഡിക്കല്‍ കോളജുകളിലും പെയിന്റിങ് തെറാപ്പിയും ആരംഭിക്കുമെന്ന് കേരള ലളിത കലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ ജയിലുകൡലാണ് ആര്‍ട് ഗാലറികള്‍ സ്ഥാപിക്കുന്നത്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ജയില്‍ വകുപ്പും അനൂകൂല നിലാപാടാണ് കൈക്കൊണ്ടിരിക്കുന്നത്. ഉടന്‍ തന്നെ ഇതു പ്രാവര്‍ത്തികമാവുമെന്നും ഇവര്‍ പറഞ്ഞു. ലളിതകലാ അക്കാദമിയുടെ ശേഖരത്തിലുള്ള പെയിന്റിംഗുകളായിരിക്കും ഗാലറികളില്‍ സ്ഥാപിക്കുക. ഇതൊടൊപ്പം താല്‍പര്യമുളള തടവുകാര്‍ക്ക് ചിത്ര രചന നടത്താനും ഇവിടുത്തെ ഗാലറികളില്‍ ഇവ സ്ഥാപിക്കാനും അവസരമുണ്ടാവും. തടവില്‍ കഴിയുന്നവരെ കുറ്റവാസനയില്‍ നിന്നും വഴിതിരിച്ചുവിടുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഇവര്‍ പറഞ്ഞു. രോഗികള്‍ക്ക് വേദനയില്‍ നിന്നും ആശ്വാസം ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും കാന്‍സര്‍ സെന്ററുകളിലും പെയിന്റിങ് തെറാപ്പി ആരംഭിക്കുന്നത്. ഇതിനും ലളിതകലാ അക്കാദമിയുടെ ശേഖരത്തില്‍ നിന്നുളള ചിത്രങ്ങളാണ് ഉപയോഗി—ക്കുന്നത്. ആശുപത്രികളില്‍ രോഗികള്‍ ഇരിക്കുന്നിടങ്ങളിലാണ് ഇത്തരം ചിത്രങ്ങള്‍ സ്ഥാപിക്കുക. പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ അക്കാദമിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ശില്‍പ നിര്‍മാണവും ഉടന്‍ ആരംഭിക്കും. ഒരോ ജില്ലയിലും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ വീതം തിരഞ്ഞെടുത്ത ശേഷം ഈ സ്‌കുളുകളില്‍ പ്രമുഖരായ ശില്‍പികളുടെ നേതൃത്വത്തിലായിരിക്കും ശില്‍പ നിര്‍മാണം നടത്തുക. പ്രാദേശിക ചരിത്രത്തിന്റെ പശ്ചാത്തലത്തിലുളള ശില്‍പങ്ങളായിരിക്കും നിര്‍മിക്കുക. ശില്‍പങ്ങള്‍ നിര്‍മിക്കുന്നത് കുട്ടികള്‍ക്ക് നേരിട്ടു കാണാനും പഠിക്കാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യ ഘട്ടത്തില്‍ ഒരോ ജില്ലയില്‍ നിന്നും ഒരു സ്‌കൂള്‍ വീതം 14 സ്‌കൂളുകളായിരിക്കും തിരഞ്ഞെടുക്കുക. ജൂണില്‍ ആരംഭിച്ച് ആഗസ്തില്‍ ശില്‍പ നിര്‍മാണം പൂര്‍ത്തിയാക്കും. അതിനുശേഷം രണ്ടാം ഘട്ടം ആരംഭിക്കും. ശില്‍പ നിര്‍മാണത്തിനായി ഇന്ത്യയിലെ അറിയപ്പെടുന്ന മലയാളികളായ 16 അംഗ ശില്‍പികളുടെ പാനലിനു രൂപം കൊടുത്തു കഴിഞ്ഞതായും ഇവര്‍ പറഞ്ഞു.

RELATED STORIES

Share it
Top