സെന്‍ട്രല്‍ ജയിലുകളിലെ വനിതാ തടവുകാരുടെഅവസ്ഥയെക്കുറിച്ച് സര്‍വേ

ന്യൂഡല്‍ഹി: രാജ്യത്തെ 144 സെന്‍ട്രല്‍ ജയിലുകളിലെ വനിതാ തടവുകാരുടെ അവസ്ഥയെക്കുറിച്ചു ദേശീയ വനിതാ കമ്മീഷന്‍ സര്‍വേ നടത്തിവരികയാണെന്നു കേന്ദ്രമന്ത്രി മേനകാഗാന്ധി. സര്‍വേ നടത്തുന്ന ദേശീയ വനിതാ കമ്മീഷനിലെയും സര്‍ക്കാര്‍ ഇതര സംഘടനകളിലെയും അംഗങ്ങള്‍ ഇതു സംബന്ധിച്ച ചോദ്യാവലി വിവിധ ജയിലുകളിലേ—ക്ക് അയച്ചുവരികയാണ്. വനിതാ കമ്മീഷന്‍ ഈ ജയിലുകള്‍ സന്ദര്‍ശിച്ച് അവരുടെ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കൈമാറും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജയിലിലെ പുതിയ തടവുകാരെക്കുറിച്ച് ആശങ്കയുളവാക്കുന്ന റിപോര്‍ട്ടുകളാണ് പുറത്തുവന്നിരുന്നത്. അതിനാല്‍ വനിതാ കമ്മീഷന്‍ ഒരു മാതൃകാരൂപം തയ്യാറാക്കി വിവിധ ഡയറക്ടര്‍ ജനറല്‍മാര്‍ (ജയില്‍) ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് അയച്ചിട്ടുണ്ട്. ഫെബ്രുവരി 15നകം ഇതിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നു മേനക വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ച ശുപാര്‍ശകള്‍ നിയമസഭകളില്‍ അവതരിപ്പിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നു ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മ പറഞ്ഞു. വനിതാ തടവുകാര്‍ക്കായി ജയില്‍ചട്ടങ്ങള്‍ തയ്യാറാക്കാന്‍ ഡല്‍ഹിയിലെ നിയമ സര്‍വകലാശാലയോട് വനിതാ ശിശുക്ഷേമ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ ശാക്തീകരണം സംബന്ധിച്ച പാര്‍ലമെന്ററി സമിതി ജയിലുകളിലെ വനിതാ തടവുകാരുടെ പരിതാപകരമായ അവസ്ഥ ചിത്രീകരിക്കുന്ന റിപോര്‍ട്ട് കഴിഞ്ഞമാസം ലോക്‌സഭയുടെ മേശപ്പുറത്തു വച്ചിരുന്നു.

RELATED STORIES

Share it
Top