സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹരജി വെള്ളിയാഴ്ച പരിഗണിക്കുംസിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: സംസ്ഥാന പോലിസ് മേധാവിയായി നിയമിക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരേ സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജി വെള്ളിയാഴ്ച പരിഗണിക്കും. വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ അതിനു മുമ്പ് സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയേക്കും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഇന്നു കൈക്കൊള്ളുമെന്നാണ് സൂചന.സംസ്ഥാന പോലിസ് മേധാവിസ്ഥാനത്ത് ടി പി സെന്‍കുമാറിനെ വീണ്ടും നിയമിക്കണമെന്ന് ഏപ്രില്‍ 24നാണ്  സുപ്രിംകോടതി ഉത്തരവിട്ടത്. വിധി വന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കുന്നത് ചീഫ് സെക്രട്ടറി നളിനി നെറ്റോ മനപ്പൂര്‍വം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് സെന്‍കുമാര്‍ ശനിയാഴ്ചയാണ് കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തത്. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് തിങ്കളാഴ്ച കോടതിയോട് ആവശ്യപ്പെടാനുള്ള നീക്കം അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അവസാന നിമിഷം ഉപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ സെന്‍കുമാറിന്റെ ഹരജി ഇടംപിടിച്ചത്. രണ്ടു ദിവസത്തിനകം വിധി നടപ്പാക്കിയില്ലെങ്കില്‍ നടപടികള്‍ സര്‍ക്കാര്‍ വൈകിപ്പിക്കുന്നതായി സെന്‍കുമാറിന്റെ അഭിഭാഷകന്‍ വെള്ളിയാഴ്ച കോടതിയില്‍ ചൂണ്ടിക്കാണിക്കും.     എന്നാല്‍, ഏപ്രില്‍ 24ലെ ഉത്തരവില്‍ വ്യക്തത തേടി സുപ്രിംകോടതിയെ സമീപിക്കാന്‍ സ്റ്റാന്‍ഡിങ് കോണ്‍സലിന് അഡ്വക്കറ്റ് ജനറല്‍ നിര്‍ദേശം നല്‍കി. ടി പി സെന്‍കുമാറിനെ സംസ്ഥാന പോലിസ് മേധാവിയായി നിയമിച്ചിട്ടില്ലായിരുന്നുവെന്നും പുനര്‍നിയമനം നല്‍കുമ്പോള്‍ ഏതു പദവിയാണ് നല്‍കേണ്ടതെന്ന് വ്യക്തത വരുത്തണമെന്നും കോടതിയോട് ആരായാനാണ് സര്‍ക്കാര്‍ തീരുമാനം. സെന്‍കുമാര്‍ നേരത്തേ വഹിച്ച പദവി സംസ്ഥാന പോലിസ് നിയമത്തില്‍ ഇല്ലാത്തതാണ്. പോലിസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ച ഉത്തരവ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ബെഹ്‌റ നേരത്തേ വഹിച്ചിരുന്ന പദവിയാണോ തിരികെ നല്‍കേണ്ടതെന്നും സുപ്രിംകോടതി ഉത്തരവ് ജേക്കബ് തോമസ്, ശങ്കര്‍ റെഡ്ഡി എന്നിവരുടെ നിയമനങ്ങളെയും സ്ഥാനചലനത്തെയും ബാധിക്കുമോ എന്നും കോടതിയോട് ആരായാനാണ് സര്‍ക്കാര്‍ നീക്കം.

RELATED STORIES

Share it
Top