സെന്‍കുമാറിനെതിരായ വ്യാജ മെഡിക്കല്‍ രേഖാ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി അനവധി ആനുകൂല്യങ്ങള്‍ തട്ടിയെടുത്തു എന്ന് ആരോപിച്ച് മുന്‍ ഡിജിപി ഡോ. ടി പി സെന്‍കുമാറിന് എതിരേ തിരുവനന്തപുരം മ്യൂസിയം പോലിസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാറാണു ഹരജി നല്‍കിയിരുന്നത്. ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ (സിആര്‍പിസി) 154ാം വകുപ്പ് ലംഘിച്ചാണു പോലിസ് കേസെടുത്തതെന്നും ഇതു നിയമവിരുദ്ധമാണെന്നും ഉത്തരവില്‍ സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. നിര്‍ദേശങ്ങ ള്‍ നല്‍കാന്‍ യാതൊരധികാരവുമില്ലാത്ത ഉന്നതരുടെ നിര്‍ബന്ധംമൂലം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്എച്ച്ഒ) കേസെടുക്കുകയായിരുന്നു. ജില്ലാ പോലിസ് മേധാവി വഴി ചീഫ് സെക്രട്ടറി നല്‍കിയ ഈ നിര്‍ദേശം നിയമവിരുദ്ധമാണ്.
സിപിഎം നേതാവായ എ ജെ സുക്കാര്‍ണോ എന്നയാള്‍ നല്‍കിയ പരാതി പോലിസിന് കൈമാറുമ്പോള്‍ അതില്‍ എന്തെങ്കിലും കുറ്റകൃത്യത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ടായിരുന്നില്ലെന്നും ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഈ കേസ് റദ്ദാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
സെന്‍കുമാര്‍ കേരള ട്രാന്‍സ്—പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ (കെടിഡിഎഫ്‌സി) എംഡി ആയിരിക്കെ വായ്പ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സുക്കാര്‍ണോ നല്‍കിയ പരാതിയും അതില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി പുറപ്പെടുവിച്ച അന്വേഷണ ഉത്തരവും കഴിഞ്ഞ ഡിസംബര്‍ ഒന്നിന് സിംഗിള്‍ബെഞ്ച് റദ്ദാക്കിയിരുന്നു.
സെന്‍കുമാറിന് എതിരായ ശക്തികളുടെ കൈയിലെ ഉപകരണം മാത്രമാണു സുക്കാര്‍ണോയെന്നും ഗൂഢലക്ഷ്യത്തോടെയാണു പ്രവര്‍ത്തിക്കുന്നതെന്നും അന്നു കോടതി നിരീക്ഷിച്ചിരുന്നു. ഈ ഭാഗങ്ങള്‍ ഇന്നലത്തെ വിധിയിലും ഹൈക്കോടതി രേഖപ്പെടുത്തി. കൂടാതെ മുന്‍ വിധി ശരിവച്ച സുപ്രിംകോടതി സുക്കാര്‍ണോക്ക് 25,000 രൂപ പിഴയിട്ടതായും ചൂണ്ടിക്കാട്ടി. അവധിയിലായിരുന്ന എട്ടു മാസത്തെ കാലയളവിലെ ശമ്പളം ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റകളടക്കം വ്യാജമായി നിര്‍മിച്ചെന്നായിരുന്നു സെന്‍കുമാറിനെതിരായ കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എ ജെ സുക്കാര്‍ണോ നല്‍കിയ പരാതിയിലായിരുന്നു നടപടി.

RELATED STORIES

Share it
Top