സെന്‍കുമാര്‍ വിഷയത്തില്‍ ഉചിതമായ നടപടിയെടുക്കും : മുഖ്യമന്ത്രിമലപ്പുറം: സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രിംകോടതി വിധി പരിശോധിച്ച് സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം വിധി വന്നു പിറ്റേദിവസം തന്നെ നിയമനം നടത്തുമെന്ന് കരുതുന്നവരാണ് നിയമനം വൈകിപ്പോകുന്നുണ്ടെന്ന ആക്ഷേപമുന്നയിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പിണറായി മലപ്പുറത്ത് പറഞ്ഞു.അതേസമയം, മലപ്പുറം, പാലക്കാട് റേഞ്ചിനു കീഴില്‍ വരുന്ന പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് രൂക്ഷമായ ഭാഷയില്‍ താക്കീത് നല്‍കി. മൂന്നാംമുറ പ്രയോഗിക്കുന്നവരെ ജോലിയില്‍നിന്ന് പിരിച്ചുവിടും. സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ല. കഴിഞ്ഞ പത്തുമാസമായി പോലിസിലെ നിക്ഷിപ്ത താല്‍പര്യക്കാരുടെ പ്രവര്‍ത്തനങ്ങള്‍ കാരണം സര്‍ക്കാരിനു വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോലിസ് പല പ്രശ്‌നങ്ങളിലും പക്ഷംപിടിച്ചതിന്റെ ദുരനുഭവങ്ങള്‍ യോഗത്തില്‍ അദ്ദേഹം വിവരിച്ചു. രാഷ്ട്രീയവും സാമുദായികവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പിണറായി നിര്‍ദേശിച്ചു.പോലിസിലെ ഒരു വിഭാഗം നിരന്തരം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. യുഎപിഎ പോലുള്ള ഗുരുതര നിയമങ്ങള്‍ അലസമായി കൈകാര്യം ചെയ്യുന്നതുകൊണ്ട് സര്‍ക്കാരിന് ഒരുപാട് പഴി കേള്‍ക്കേണ്ടിവരുന്നുണ്ട്. ഈ നിയമം മുസ്‌ലിം സമുദായത്തിനെതിരേ പ്രയോഗിക്കാനുള്ളതാണെന്ന ആക്ഷേപം വലിയ തോതില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. യുഎപിഎ പ്രയോഗിക്കപ്പെട്ടവരുടെ കണക്കുകള്‍ നോക്കുമ്പോള്‍ ഇതു സത്യമാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. മലപ്പുറം സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പോലിസിലുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ സേനയുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്നതാണ്. മാസങ്ങള്‍ക്കു മുമ്പ് താനൂര്‍  തീരപ്രദേശത്ത് പോലിസ് ആളുകളുടെ വീടും മല്‍സ്യബന്ധന ഉപകരണങ്ങളും തകര്‍ത്തുവെന്ന പരാതി അവിടത്തെ ജനങ്ങളെ പോലിസിനെതിരാക്കുന്ന രീതിയില്‍ തിരിഞ്ഞിട്ടുണ്ട്.  പരാതികള്‍ ഉയര്‍ന്നുവരുന്ന രൂപത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സേനയുടെ അന്തസ്സ് കെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top