സെന്‍കുമാര്‍ കേസ് : ചെലവായ പണത്തിന്റെ കണക്ക് സഭയില്‍ അറിയിക്കും- മുഖ്യമന്ത്രിതിരുവനന്തപുരം: പോലിസ് മേധാവിയായി തിരിച്ചെടുക്കണമെന്ന ഡിജിപി ടി പി സെന്‍കുമാറിന്റെ കേസില്‍ സര്‍ക്കാരിന് എത്ര രൂപ ചെലവായെന്നത് പിന്നീട് അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കേസില്‍ എത്ര പണം ചെലവായി എന്നത് മറച്ചു വയ്‌ക്കേണ്ട കാര്യമില്ല. എന്നാല്‍, അതിനെക്കുറിച്ച് ഇപ്പോള്‍ കൈവശം കണക്കില്ല. ഇക്കാര്യം പിന്നീട് സഭയെ അറിയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിച്ചത് അഡ്വക്കറ്റ് ജനറലിന്റെയും നിയമസെക്രട്ടറിയുടെയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരം കേസുകള്‍ക്ക് പണം ചെലവാകും. അക്കാര്യം സര്‍ക്കാര്‍ മറച്ചുവയ്ക്കില്ല. 25000 രൂപ കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടത് സാധാരണ വകുപ്പുതല ചെലവുകള്‍ ചെലവിടുന്ന രീതിയില്‍ തന്നെ അടയ്ക്കും. സെന്‍കുമാര്‍ കേസില്‍ ചെലവായ പണം സര്‍ക്കാരിന്റെ കണക്കില്‍പ്പെടുത്തുമോയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് തൃശൂര്‍ പൂരത്തിനു മേലെ മറ്റൊരു പൂരമുണ്ടാക്കാന്‍ ചിലര്‍ ആഗ്രഹിച്ചിരിന്നുവെന്നും എന്നാലത് നടപ്പായില്ല, അതില്‍ മനസ്സ് വേദനിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജീവന് ഭീഷണിയുണ്ടെന്ന കാരാട്ട് റസാഖിന്റെ പരാതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥ എന്തെങ്കിലും തരത്തില്‍ കാലതാമസം ഉണ്ടാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, പൊമ്പിളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ട് മന്ത്രി എം എം മണി സ്ത്രീകള്‍ക്കെതിരേ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും പോലിസ് അന്വേഷണത്തില്‍ ബോധ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരേ കേസെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top