സെന്‍കുമാര്‍ കേസില്‍ കനത്ത തിരിച്ചടി; സര്‍ക്കാര്‍ പിഴയൊടുക്കണം
ന്യൂഡല്‍ഹി: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ കേരള സര്‍ക്കാരിനെതിരേ സമര്‍പ്പിച്ച കോടതിയലക്ഷ്യക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്നുള്ള കോടതിവിധി നടപ്പിലാക്കാത്തതിനെതിരേയായിരുന്നു ഹരജി. വിധി നടപ്പിലാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് തങ്ങള്‍ക്കറിയാമെന്ന് കോടതി വ്യക്തമാക്കി. വിധിയില്‍ വ്യക്തത തേടിയുള്ള സര്‍ക്കാരിന്റെ ഹരജി കോടതി തള്ളുകയും ചെയ്തു. ഹരജി സമര്‍പ്പിച്ചതു തന്നെ തെറ്റായ നടപടിയായിപ്പോയെന്ന് സുപ്രീംകോടതി വ്യക്തമാക്കി.കോടതിയുടെ ചിലവിനായി സര്‍ക്കാര്‍ 25,000 രൂപ പിഴയടയ്ക്കുകയും വേണം. തല്‍ക്കാലം ചീഫ് സെക്രട്ടറി നേരിട്ട ഹാജരാകേണ്ടതില്ലെന്നും കോടതി പറഞ്ഞു. കേസ് തിങ്കാളാഴ്ച വീണ്ടും പരിഗണിക്കും. സംസ്ഥാനസര്‍ക്കാരിന്റെ പ്രവൃത്തി ഒരു ന്യായീകരണവും അര്‍ഹിക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. കോടതി അലക്ഷ്യക്കേസില്‍ സംസ്ഥാനസര്‍ക്കാരിന് കോടതി നോട്ടീസയക്കുകയും ചെയ്തു. സര്‍ക്കാരിനെതിരേ വ്യക്തമായ നടപടിയുണ്ടാകുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്. സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിച്ചിട്ടില്ല എന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഇത്തരം ന്യായീകരണങ്ങളൊന്നും കേള്‍ക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. നളിനി നെറ്റോയ്ക്ക് വേണ്ടിയും സര്‍ക്കാരിനു വേണ്ടിയും രണ്ട് മുതിര്‍ന്ന അഭിഭാഷകരാണ് കോടതിയില്‍ ഹാജരായിരുന്നത്.
[related]

RELATED STORIES

Share it
Top