സെന്റ് സ്റ്റീഫന്‍സ് കോളജ് ചാപ്പലില്‍ ക്ഷേത്രം പണിയുമെന്ന് സംഘപരിവാര ഭീഷണി

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലുള്ള സെന്റ് സ്റ്റീഫന്‍സ് കോളജിലെ ചാപ്പലില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന ചുമരെഴുത്തുകളുമായി സംഘപരിവാരം. ചാപ്പലിന്റെ പ്രധാന വാതിലിലും ചാപ്പലിനു പുറത്തുള്ള കുരിശിലുമാണ് വിദ്വേഷ ചുമരെഴുത്തുകള്‍ കണ്ടെത്തിയത്. മന്ദിര്‍ യഹി ബനേഗ (ക്ഷേത്രം ഇവിടെ പണിയും) എന്നാണ് ചാപ്പലിന്റെ വാതിലില്‍ എഴുതിവച്ചിരിക്കുന്നത്.അതേസമയം, ചാപ്പലിനു പുറത്തെ കുരിശില്‍ ഓം ചിഹ്നത്തിനൊപ്പം ഐ ആം ഗോയിങ് ടു ഹെല്‍ (ഞാന്‍ നരകത്തിലേക്കു പോവുന്നു) എന്നും എഴുതിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഇത് ശ്രദ്ധയില്‍ പെട്ടതെന്ന് സെന്റ് സ്റ്റീഫന്‍സ് കോളജിലെ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് സായ് ആശിര്‍വാദ് വ്യക്തമാക്കി. കോളജില്‍ റഗുലര്‍ ക്ലാസുകള്‍ ഇല്ലാത്തതിനാല്‍ ആദ്യം ഈ എഴുത്തുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പിന്നീട് പ്രാക്റ്റിക്കല്‍ പരീക്ഷയ്ക്കായി ഇവിടെയുണ്ടായിരുന്ന വിദ്യാര്‍ഥികളാണ് കോളജ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്. ചാപ്പലിന്റെ വാതിലില്‍ എഴുതിയിരുന്നത് കോളജിലെ ജീവനക്കാര്‍ പിന്നീട് മായ്ച്ചുകളഞ്ഞു. വിഷയം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കുമെന്നു ഡല്‍ഹി സര്‍വകലാശാലാ യൂനിയന്‍ പ്രസിഡന്റ് റോക്കി തുസീദ് പറഞ്ഞു. സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ഇത്തരം ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതിനെ എന്‍എസ്‌യുഐ അപലപിച്ചു.
വിദ്യാഭ്യാസരംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള സെന്റ് സ്റ്റീഫന്‍ കോളജിന്റെ കാംപസിനകത്തു ഇത്തരത്തിലൊരു വിവാദ എഴുത്ത് പ്രത്യക്ഷപ്പെട്ടത് രാജ്യത്തിന്റെ തന്നെ മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്നു എന്‍എസ്‌യുഐ വക്താവ് നീരജ്മിശ്ര പറഞ്ഞു.

RELATED STORIES

Share it
Top