സെഞ്ച്വറിയോടെ അമ്പാട്ടി; മഞ്ഞക്കടലില്‍ സൂര്യന്‍ മുങ്ങി


പൂനെ: അമ്പാട്ടി റായിഡു (100*) വെടിക്കെട്ട് സെഞ്ച്വറിയോടെ കളം വാണ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നേരത്തെതന്നെ പ്ലേ ഓഫ് ഉറപ്പിച്ച ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് എം എസ് ധോണിയും സംഘവും തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ചെന്നൈ 19 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ 16 പോയിന്റുമായി ചെന്നൈ പ്ലേ ഓഫ് സാധ്യത സജീവമാക്കി.
ചെന്നൈയുടെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഹൈദരാബാദിന് തുടക്കത്തിലേ തന്നെ കാലിടറി. വെടിക്കെട്ട് ഓപണര്‍ അലക്‌സ് ഹെയ്ല്‍സ് (2) നിലയുറപ്പിക്കും മുമ്പേ മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ പതറാതെ ബാറ്റുവീശീയ ശിഖര്‍ ധവാനും (79) കെയ്ന്‍ വില്യംസണും (51) ചേര്‍ന്നാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. ധവാന്‍ 49 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സറും അക്കൗണ്ടിലാക്കിയപ്പോള്‍ 39 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറുമായിരുന്നു വില്യംസണിന്റെ സമ്പാദ്യം. അവസാന ഓവറുകളില്‍ ദീപക് ഹൂഡ (11 പന്തില്‍ 21) നടത്തിയ വെടിക്കെട്ട് കൂടി ചേര്‍ന്നതോടെ ചെന്നൈക്ക് മുന്നില്‍ 180 എന്ന വിജയ ലക്ഷ്യം ഹൈദരാബാദ് ഉയര്‍ത്തുകയായിരുന്നു.
ബൗളിങ് കരുത്തേറെയുള്ള ഹൈദരാബാദിന്റെ പ്രതീക്ഷകളെ തുടക്കം മുതല്‍ ചെന്നൈ ബാറ്റ്‌സ്മാന്‍മാര്‍ അതിര്‍ത്തി കടത്തി. ഉജ്ജ്വല ഷോട്ടുകളുമായി റായിഡു കത്തിക്കയറിയതോടെ ചെന്നൈ അതിവേഗം വിജയത്തിലേക്കടുത്തു. ഷെയ്ന്‍ വാട്‌സണും ( 35 പന്തില്‍ 57) മികച്ച പിന്തുണയേകിയതോടെ ഒന്നാം വിക്കറ്റില്‍ 134 റണ്‍സിന്റെ കൂട്ടുകെട്ടാണ് ചെന്നൈ പടുത്തുയര്‍ത്തിയത്. റായിഡു 62 പന്തില്‍ ഏഴ് വീതം സിക്‌സറും ഫോറും പറത്തിയാണ് സെഞ്ച്വറി നേടിയത്. വാട്‌സണ്‍ 35 അഞ്ച് ഫോറും മൂന്ന് സിക്‌സറും അടിച്ചെടുത്തു. ധോണി (14 പന്തില്‍ 20) അവസാന ഓവറില്‍ അതിവേഗം റണ്‍സ് കണ്ടെത്തിയതോടെ ഒരു ഓവര്‍ ബാക്കി നിര്‍ത്തി ചെന്നൈ വിജയം കാണുകയായിരുന്നു.

RELATED STORIES

Share it
Top