സെഞ്ച്വറിയില്‍ അപൂര്‍വ റെക്കോഡുമായി അലിസ്റ്റര്‍ കുക്ക്


ലണ്ടന്‍: കരിയറില്‍ തന്റെ അവസാന ടെസ്റ്റ് മല്‍സരത്തില്‍ കളിക്കുന്ന ഇംഗ്ലീഷ് മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്കിന് മറ്റൊരു അപൂര്‍വ റെക്കോഡ് കൂടി. ഇന്നലെ തന്റെ 33ാം സെഞ്ച്വറി കണ്ടെത്തിയതോടെ അരങ്ങേറ്റ ടെസ്റ്റ് മല്‍സരത്തിലും വിടവാങ്ങല്‍ ടെസ്റ്റിലും സെഞ്ച്വറി കണ്ടെത്തുന്ന അഞ്ചാമത്തെ താരമായി കുക്ക് മാറി.
2006ല്‍ നാഗ്പൂരില്‍ ഇന്ത്യയ്‌ക്കെതിരേ ആദ്യമായി ടെസ്റ്റ് മല്‍സരത്തിനിറങ്ങിയ കുക്ക് പുറത്താകാതെ 104 റണ്‍സുമായാണ് ക്രീസില്‍ നിന്നും വിടവാങ്ങിയത്. ഇന്നലെ കൂടി സെഞ്ച്വറി കണ്ടെത്തിയതോടെയാണ് താരം അപൂര്‍വ റെക്കോഡിനര്‍ഹനായത്. ഇന്ത്യയുടെ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു അരങ്ങേറ്റത്തിലും വിടവാങ്ങല്‍ മല്‍സരത്തിലും സെഞ്ച്വറി കണ്ടെത്തിയ അവസാന ക്രിക്കറ്റ് താരം.
രണ്ട് മല്‍സരങ്ങളിലും ഇന്ത്യക്കെതിരേയാണ് സെഞ്ച്വറി കണ്ടെത്തിയതെന്നതാണ് മറ്റൊരു പ്രത്യേകത. ഇതോടെ അരങ്ങേറ്റ മല്‍സരത്തിലും വിടവാങ്ങല്‍ മല്‍സരത്തിലും ഒരു ടീമിനെതിരേ സെഞ്ച്വറി കണ്ടെത്തുന്ന എക്കാലത്തെയും മികച്ച താരങ്ങളില്‍ മൂന്നാമതെത്തയും ഇംഗ്ലീഷ് താരങ്ങളില്‍ ആദ്യ താരവുമായി കുക്ക് മാറി. ഇന്നലെ ടെസ്റ്റില്‍ തന്റെ അവസാന സെഞ്ച്വറി കണ്ടെത്തിയതോടെ കുക്ക് ഈ ഫോര്‍മാറ്റില്‍ എക്കാലത്തേയും റണ്‍സ് സ്‌കോറര്‍മാരില്‍ ആദ്യ അഞ്ചിലെത്തി. നിലവില്‍ 12,472 റണ്‍സുള്ള കുക്ക് ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സംഗക്കാരയെയാണ് (12,400) പിന്തള്ളിയത്. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ് (14,921) ഈ നേട്ടത്തില്‍ മുന്നില്‍.

RELATED STORIES

Share it
Top