സെക്രട്ടേറിയറ്റില്‍ ദലിത് പീഡനമെന്ന് പരാതി

തിരുവനന്തപുരം: ദലിതനായതിന്റെ പേരില്‍ സെക്രട്ടേറിയറ്റില്‍ തനിക്ക് പീഡനം നേരിടേണ്ടിവരുന്നതായി ചൂണ്ടിക്കാട്ടി ജീവനക്കാരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പൊതുഭരണവകുപ്പിലെ ക്ലാസ് ഫോര്‍ ജീവനക്കാരനായ ദേവദാസാണ് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഐഎഎസിനെതിരേ പരാതി നല്‍കിയത്.
ബിശ്വനാഥ് സിന്‍ഹ അപമാനകരമായി പെരുമാറുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഭക്ഷണം കഴിച്ചതിന്റെ എച്ചിലെടുക്കാന്‍ തന്നോട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടതായി ദേവദാസ് വെളിപ്പെടുത്തി. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.  സെക്രട്ടേറിയറ്റില്‍ ക്ലാസ് ഫോ ര്‍ തസ്തികയില്‍ അടുത്തിടെ ജോലികിട്ടിയ ദലിതനായ ദേവദാസിനു ബിശ്വനാഥ് സിന്‍ഹയുടെ ഓഫിസില്‍ അറ്റന്‍ഡറായാണ് നിയമനം ലഭിച്ചത്.
എച്ചില്‍പാത്രം കഴുകാനും മേശപ്പുറത്തുനിന്ന് എച്ചില്‍ മാറ്റി തുടയ്ക്കാനും പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെടുന്നുവെന്നാണ് ദേവദാസ് പറയുന്നത്. ഇവ ചെയ്യാതിരുന്നാല്‍ വെള്ളം മേശപ്പുറത്ത് തട്ടിയിട്ട് തുടയ്ക്കാന്‍ പറയുക, പേപ്പര്‍ നിലത്തിട്ടിട്ട് പെറുക്കിയെടുക്കാന്‍ പറയുക എന്നിവയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പെരുമാറ്റരീതിയെന്ന് ദേവദാസ് പറയുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമാക്കിയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
പാത്രം കഴുകാതെ വലിയ പാത്രത്തിനകത്താക്കി ഡ്രൈവറുടെ കൈയില്‍ കൊടുത്തുവിട്ടാല്‍ വീട്ടിലെത്തിയ ശേഷം എന്താണ് കഴുകാത്തതെന്ന് ഫോണില്‍ വിളിച്ച് ചോദിക്കും. മാനസികപീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്നും മറ്റൊരു സെക്ഷനിലേക്ക് മാറ്റണമെന്നുമാണ് ആവശ്യം. ഐടിഐ ബിരുദധാരിയായ ദേവദാസ് ഇപ്പോള്‍ പാര്‍ട്ട്‌ടൈമായി സോഷ്യോളജി ബിരുദത്തിനും പഠിക്കുകയാണ്. ഇടതു സംഘടനാ നേതൃത്വവും ദേവദാസിന്റെ പരാതി ശരിവയ്ക്കുന്നുണ്ട്.
പല ഐഎഎസ് ഉദ്യോഗസ്ഥരും കീഴ്ജീവനക്കാരോട് മോശമായാണ് പെരുമാറുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. അടുത്തിടെവരെ കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു ബിശ്വനാഥ് സിന്‍ഹ. എന്നാല്‍, ജീവനക്കാരന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണമൊന്നും ചോദിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. താന്‍ ആരോടും വേര്‍തിരിവ് കാട്ടിയിട്ടില്ല. ഓഫിസില്‍ ആരാണ് ദലിതരെന്നോ അല്ലാത്തവരെന്നോ അറിയില്ലെന്നും ബിശ്വനാഥ് സിന്‍ഹ പറഞ്ഞു.

RELATED STORIES

Share it
Top