സെക്രട്ടറിയെ എഡിഎസ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് പരാതി

നാദാപുരം: കുടുംബശ്രീയുടെ ഔദ്യോഗിക സെക്രട്ടറിയായി തിരഞ്ഞെടുത്ത ആളെ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് ഒഴിവാക്കിയതായി പരാതി. പഞ്ചായത്ത് രേഖകളില്‍ മറ്റൊരാളെ കുടുംബശ്രീ സെക്രട്ടറിയാക്കി മാറ്റി. കുടുംബശ്രീ സംവിധാനത്തെ തങ്ങളുടെ വരുതിയിലാക്കാന്‍ ചിലരുടെ ഭാഗത്തു നിന്നുണ്ടായ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കമെന്നാണ് പരാതി ഉയരുന്നത്.
പുറമേരി ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ ഗംഗ കുടുംബശ്രീയുടെ ഔദ്യോഗിക സെക്രട്ടറിയായി തിരഞ്ഞെടുത്ത ടി ആര്‍ ദിവ്യയെയാണ് പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് പഞ്ചായത്ത് രേഖകളില്‍ നിന്നും എഡിഎസ് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. ഇത് നിമിത്തം എഡിഎസ് അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ ദിവ്യക്ക് വോട്ടു ചെയ്യാനായില്ല. കുടുംബശ്രീ സെക്രട്ടറിക്ക് എഡിഎസ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള അര്‍ഹത ഉണ്ടെന്നിരിക്കെ പഞ്ചായത്ത് രേഖകളില്‍ കൃത്രിമം നടത്തി വോട്ടവകാശം നിഷേധിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
14 അംഗങ്ങള്‍ ഉള്ള കുടുംബശ്രീ യൂണിറ്റിന്റെ സെക്രട്ടറിയായി തന്നെ ഈ വര്‍ഷം നടന്ന കുടുംബശ്രീ പുനസംഘടന സമയത്ത് മറ്റു ഭാരവാഹികള്‍ക്കൊപ്പം തിരഞ്ഞെടുത്ത് മിനുട്‌സില്‍ രേഖപ്പെടുത്തിയതായും, എന്നാല്‍ രേഖകളില്‍ പിന്നീട് കൃത്രിമം നടന്നതായും പരാതിയില്‍ പറയുന്നു.
പരാതി ഫയലില്‍ സ്വീകരിച്ച ജില്ലാ കലക്ടര്‍ ഇക്കാര്യത്തില്‍ ഹിയറിങ് നടത്തി അനന്തര നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.RELATED STORIES

Share it
Top