സെക്രട്ടറിയുടെ നടപടിയെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം

പാലക്കാട്: നഗരസഭാ സെക്രട്ടറിക്കെതിരെ വനിത ജീവനക്കാരി  ചെയര്‍പേഴ്‌സന് നല്‍കിയ പരാതിയെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം.  കോണ്‍ഗ്രസ് പ്രതിനിധി കെ ഭവദാസണ് കൗണ്‍സിലില്‍ തുടങ്ങിയപ്പോള്‍ തന്നെ വിഷയം ഉന്നയിച്ചത്.
വനിത ജീവനക്കാരിയെ അകാരണമായി സെക്്ഷന്‍ മാറ്റിയെന്നും ചെയര്‍പേഴ്‌സനോടും കൗണ്‍സിലര്‍മാരോടും പരാതി പറഞ്ഞ ജീവനക്കാരിയോട് നഗരസഭ സെക്രട്ടറി പ്രതികാരബുദ്ധിയോടെ പെരുമാറിയെന്നും ഭവദാസ് ആരോപിച്ചു. തുടര്‍ന്ന്, യുഡിഎഫ് അംഗങ്ങള്‍  ചെയര്‍പേഴസന്റെ ചേംബറിനു മുന്നിലെത്തി പ്രതിഷേധിച്ചു. ഇതോടെ കൗണ്‍സില്‍ നിര്‍ത്തിവച്ച് പാര്‍ട്ടി ലീഡര്‍മാരുമായി  ചര്‍ച്ചചെയ്ത് അന്വേഷണം നടത്തുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
ഇതില്‍ എല്‍ഡിഎഫ് അംഗങ്ങളും വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. ജീവനക്കാരെ മാറ്റുന്നതില്‍ കൗണ്‍സില്‍ ഇടപെടുന്നത് ശരിയല്ലെന്നും അത് സെക്രട്ടറിയുടെ അധികാരമാണെന്നും കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യേണ്ടെന്നുമായിരുന്നു എല്‍ഡിഎഫിന്റെ നിലപാട്. അന്വേഷണം ശരിയായ നിലപാടല്ലെന്നും സഹകരിക്കില്ലെന്നും എല്‍ഡിഎഫ് വ്യക്തമാക്കി.സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
ധിക്കാരപരമായ നിലപാടാണ് സെക്രട്ടറിയുടേതെന്നും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിരമിച്ച സ്ഥാനത്ത് മുതിര്‍ന്ന രണ്ടുപേരെ മറികടന്ന് മൂന്നാമതൊരാള്‍ക്ക്് സെക്രട്ടറി ചുമതല നല്‍കിയതെന്നും യുഡിഎഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മാര്‍ച്ച് 31നുശേഷം പ്ലാന്‍ഫണ്ടില്‍ ചെലവാകാത്ത നാലുകോടിയോളം രൂപ ലാപ്‌സാകുമെന്ന സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി തുക പിഎംഎവൈയിലും അമൃത് പദ്ധതിയിലും കുടിവെള്ള ചാര്‍ജ് അടയ്ക്കുന്നതിനും നീക്കിവയ്ക്കണമെന്ന് വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top