സെക്രട്ടറിയും ഭരണ കക്ഷിയും തമ്മിലുള്ള തര്‍ക്കം രൂക്ഷം : താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന് പോലിസില്‍ പരാതിതാമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്നു പരാതി. പഞ്ചായത്ത് പ്രസിഡണ്ട് കെ സരസ്വതിയാണ് സെക്രട്ടറി മിഥുന്‍ കൈലാസിനെ കാണാനില്ലെന്നു കാണിച്ചു താമരശ്ശേരി പോലിസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ 25 മുതലാണ് സെക്രട്ടറിയെ കാണാതായെതെന്നു കാണിച്ചാണ് 29നു പ്രസിഡന്റ് പരാതി നല്‍കിയത്. 25നു സെക്രട്ടറി രാവിലെ എത്താതായതോടെ ഉച്ചക്ക് എത്തുമെന്നായിരുന്നു കരുതിയതെന്നും എന്നാല്‍ വന്നില്ലെന്നും പരാതിയില്‍ പറയുന്നു. സെക്രട്ടറി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് ലീവിനു അപേക്ഷ നല്‍കിയിരുന്നെങ്കിലും ലീവ് അനുവദിച്ചിട്ടില്ലെന്നും പ്രസിഡണ്ട് പരാതിയില്‍ വ്യക്തമാക്കുന്നു. ഇദ്ദേഹത്തിന്റെ സിം കാര്‍ഡ് മറ്റൊരാള്‍ വശം പഞ്ചായത്തിലേക്ക് കൊടുത്തു വിട്ടതാണെന്നും പ്രസിഡണ്ട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറിയും ഭരണ കക്ഷിയും തമ്മിലുള്ള പോരിന്റെ ബാക്കി ഭാഗമാണ് പരാതിയും ലീവും. കഴിഞ്ഞ ദിവസം സെക്രട്ടറിക്കെതിരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഡിഡിപി ഓഫീസില്‍ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. സെക്രട്ടറി കൃത്യമായി ജോലിക്കെത്തുന്നില്ലെന്നും ഫയലുകള്‍ നോക്കാതിരിക്കുകയും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരത്തില്‍ ഒരു സമരം നടന്നത്. സെക്രട്ടറിയുടെ ഇത്തരം നടപടിക്കെതിരെ ഭരണ സമിതി ഐക്യകണ്‌ഠേന പ്രമേയം പാസാക്കുകയും സര്‍ക്കാര്‍ ഇദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതിനെതിരെ ട്രൈബ്യൂണലില്‍ നിന്നും വിധി സമ്പാദിച്ചാണ് വീണ്ടും താമരശ്ശേരിയില്‍ ജോലിയില്‍ പ്രവേശിച്ചത്. സെക്രട്ടറിയുടെ ചാര്‍ജ് എഎസിനു കൈമാറി ഡിഡിപി ഉത്തരവായിട്ടുണ്ട്. താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഭരണ സമിതിയും സെക്രട്ടറിയും തമ്മിലുള്ള പോര് സംസ്ഥാന തലത്തിലും ഏറെ ചര്‍ച്ചയാവുന്നുണ്ട്്.

RELATED STORIES

Share it
Top