സൂറത്തില്‍ കൊല്ലപ്പെട്ട 11കാരി ആന്ധ്രാ സ്വദേശിനി

സൂറത്ത്: സൂറത്തില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട 11 വയസ്സുകാരി തങ്ങളുടെ മകളാണെന്നവകാശപ്പെട്ട് ആന്ധ്രപ്രദേശ് ദമ്പതികള്‍ സൂറത്തിലെത്തി. സുറത്ത് പോലിസ് കമ്മീഷണര്‍ സതിഷ് ശര്‍മയെ കണ്ട ഇവര്‍ കുട്ടിയുടെ ആധാര്‍ കാര്‍ഡും ഹാജരാക്കിയിട്ടുണ്ട്. ആന്ധ്രപ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കാണാതായതെന്നാണ് വിവരം.
എന്നാല്‍, ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ ബയോമെട്രിക് വിവരങ്ങളും ഇവര്‍ ഹാജരാക്കിയ ആധാര്‍ കാര്‍ഡിലെ വിവരങ്ങളും യോജിച്ചുപോവുന്നില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഡിഎന്‍എ പരിശോധന നടത്തി സ്ഥിരീകരിക്കുമെന്നും പോലിസ് അറിയിച്ചു. അതേസമയം, ആന്ധ്രപ്രദേശില്‍ നിന്നു പെണ്‍കുട്ടി എങ്ങനെയാണ് ഗുജറാത്തില്‍ എത്തിയതെന്ന കാര്യത്തില്‍ വിവരങ്ങളൊന്നുമില്ല. അതേസമയം, കഴിഞ്ഞ 12 ദിവസമായി സംഭവത്തില്‍ വിവരങ്ങളൊന്നും ലഭിക്കാതിരുന്ന സൂറത്ത് പോലിസിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്നു പ്രതികളുടേതെന്നു സംശയിക്കുന്ന മുടിയിഴകള്‍ ലഭിച്ചു.
ഇതിന്റെ സാംപിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. തെളിവുകള്‍ ലഭിക്കുന്നതിനായി മൃതദേഹം കെണ്ടത്തിയ പ്രദേശത്തിനു സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകള്‍ പരിശോധിക്കുന്നുണ്ട്. ഏപ്രില്‍ 16നായിരുന്നു ശരീരത്തില്‍ 86 മുറിവുകളുമായി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിലെ കുറ്റവാളികളെ കണ്ടെത്താന്‍ പോലിസിന് ഇതുവരെ സാധിച്ചിട്ടില്ല.

RELATED STORIES

Share it
Top