സൂര്യാഘാതത്തിനു സാധ്യത; മുന്‍കരുതല്‍ വേണം

മലപ്പുറം: അന്തരീക്ഷ താപം ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യതാപമേറ്റുള്ള പൊള്ളലുകള്‍ റിപോര്‍ട്ട് ചെയ്യാനിടയുണ്ടെന്നും ആവശ്യമായ മുന്‍കരുതലുകള്‍ വേണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗതയിലുള്ള നാഡിമിടിപ്പ്, തലവേദന, തലകറക്കം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങളും ഇതേതുടര്‍ന്ന് അബോധാവസ്ഥയും ഉണ്ടായേക്കാം.
സൂര്യതാപത്തേക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് കനത്ത ചൂടിനെത്തുടര്‍ന്ന് ജലവും ലവണവും വിയര്‍പ്പിലൂടെ നഷ്ടപ്പെടുമ്പോള്‍ സംഭവിക്കുന്നത്. പ്രായാധിക്യമുള്ളവരിലും വെയിലത്ത് ജോലിചെയ്യുന്നവരിലും രക്തസമ്മര്‍ദ്ദം കൂടുതലുള്ളവരിലും ഇത്തരം അവസ്ഥയുണ്ടാവാം. പേശിവലിവ്, ശക്തമായ ക്ഷീണം, ഓക്കാനവും ഛര്‍ദ്ദിയും, ബോധം കെട്ടു വീഴുക, തലവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. തണുത്ത സ്ഥലത്തേക്ക് മാറി ജോലി ചെയ്യുക,  വിശ്രമിക്കുക, തണുത്ത വെള്ളം, എസി, ഫാന്‍ എന്നിവ ഉപയോഗിച്ച് ശരീരം തണുപ്പിക്കുക, ധാരാളം വെള്ളം കുടിക്കുക, കട്ടികൂടിയ വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക എന്നിവയാണ് സൂര്യതാപത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍. ദാഹം തോന്നിയില്ലെങ്കിലും ഓരോ മണിക്കൂറിലും 3-4 ഗ്ലാസ് വെള്ളം കുടിക്കുക, വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പിട്ട നാരങ്ങ വെള്ളം എന്നിവ കുടിക്കുക, ജോലിസമയം ക്രമീകരിക്കുക, ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമിക്കുക, ഇളം നിറത്തിലുള്ളതോ വെളുത്തതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ ആവശ്യമാണ്. ചൂടുമൂലം അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കില്‍ തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ  കുളിക്കുകയോ ചെയ്യണം.

RELATED STORIES

Share it
Top