സൂര്യക്ക് ഇഷാന്‍ താലിചാര്‍ത്തി

തിരുവനന്തപുരം: കേരളത്തിലെ ആദ്യ നിയമവിധേയ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് ഇന്നലെ തിരുവനന്തപുരം മന്നം നാഷനല്‍ ക്ലബ് സാക്ഷിയായി. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരായ ട്രാന്‍സ് സ്ത്രീ സൂര്യയും ട്രാന്‍സ് പുരുഷന്‍ ഇഷാനും സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ ആദ്യ ദമ്പതികളായി. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരാണ് ഇരുവരും. കുടുംബങ്ങളുടെ സമ്മതപ്രകാരമായിരുന്നു വിവാഹം.
പാറ്റൂര്‍ മടത്തുവിളാകത്ത് വീട്ടില്‍ വിജയകുമാരന്‍ നായരുടെയും ഉഷാ വിജയന്റെയും മകളായ സൂര്യ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ജു-രഞ്ജിമാരുടെ വളര്‍ത്തുപുത്രിയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ ശ്രീക്കുട്ടിയുടെ വളര്‍ത്തുമകനായ ഇഷാന്‍ കെ ഷാന്‍, വള്ളക്കടവ് മുഹമ്മദ് കബീറിന്റെയും ഷാനിഫാ കബീറിന്റെയും മകനാണ്. ഇഷാന്റെ മാതാപിതാക്കളും സഹോദരിയും മറ്റു ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ടിവി പരിപാടികളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണു സൂര്യ.
ഇന്നലെ രാവിലെ  നടന്ന വിവാഹച്ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള നിരവധിപേര്‍ പങ്കാളികളായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഹരിത കേരളം മിഷന്‍ ചെയര്‍പേഴ്‌സണ്‍ ടി എന്‍ സീമ, യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാം, തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത്, കൗണ്‍സിലര്‍ ഐ പി ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.
ആറുമാസം മുമ്പായിരുന്നു തിരുവനന്തപുരം സ്വദേശികളായ ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്. ബിസിനസുകാരനായ ഇഷാന്‍ മൂന്നുവര്‍ഷം മുമ്പാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. സൂര്യ 2014ലും. 31കാരിയായ സൂര്യയും 33കാരനായ ഇഷാനും സാക്ഷരതാമിഷന്റെ കീഴിലെ വിദ്യാര്‍ഥികളാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡിലെയും തിരുവനന്തപുരം ട്രാന്‍സ് കമ്മ്യൂണിറ്റിയിലെയും അംഗങ്ങളുടെ പിന്തുണയോടു കൂടിയായിരുന്നു വിവാഹ, സല്‍ക്കാര ചടങ്ങുകള്‍. മറ്റു ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഈ വിവാഹം ഒരു പ്രചോദനമാവുമെന്നാണു വിശ്വാസമെന്ന് സൂര്യയും ഇഷാനും പറഞ്ഞു.

RELATED STORIES

Share it
Top