സൂര്യകാന്തി മാമൂട് മലമാരി റോഡിലെ വെള്ളക്കെട്ട് അപകടത്തിനിടയാക്കുന്നു

പാലോട്: പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ സൂര്യകാന്തി മാമൂട് മലമാരി റോഡിലെ വെള്ളക്കെട്ട് അപകടക്കെണിയാകുന്നു. റോഡ് ടാര്‍ചെയ്യാത്തതിനാലാണ് നിരന്തരം അപകടമുണ്ടാവുന്നതെന്ന് നാട്ടുകാര്‍. തെന്നൂര്‍ മുതല്‍ സൂര്യകാന്തിവരേയും കൊച്ചുകരിക്കകം മുതല്‍ മാമൂട് വരേയും റോഡ് ടാര്‍ ചെയ്തിട്ടുണ്ട്. ഇതിനിടക്കുള്ള ഒരു കിലോമീറ്റര്‍ ദൂരമാണ് ഇനി ടാര്‍ ചെയ്യേണ്ടത്. ഈ ഭാഗത്താണ് നിരന്തരം അപകടങ്ങള്‍ പെരുകുന്നത്. ചളിക്കെട്ടും കുഴികളുമായ ഇവിടെ വെള്ളം കെട്ടിനില്‍ക്കുന്നത് അപകടത്തിന്റെ ആക്കം കൂട്ടുന്നു. ടാറിടാത്തതിനാല്‍ റോഡ് ഉപയോഗ ശൂന്യമായി.
മൂന്നൂറിലധികം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡാണിത്.
പാലോട് പാപ്പനംകോട് നിന്നും പനങ്ങോട് വഴി എളുപ്പത്തില്‍ വിതുരയില്‍ എത്തുന്നതിന് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച റോഡിന്റെ ഭാഗമാണിത്.
പനങ്ങോട്, പറങ്ങിമാംവിള, പണ്ഡാരകോണം, ദൈവപ്പുര എല്‍പിഎസ് വഴി മലമാരിയിലെത്തി സൂര്യകാന്തി റോഡില്‍ ചേരുന്ന രീതിയിലാണ് അന്ന് റോഡ് നിര്‍മിച്ചത്.
എന്നാല്‍ അപ്പോഴും ഈ ഭാഗം ടാറിങില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഇവിടെ ടാര്‍ ചെയ്താല്‍ പാലോട് വിതുര യാത്രക്ക് ആറ് കിലോമീറ്റര്‍ വരെ യാത്ര എളുപ്പമുള്ളതായി മാറും.
ഗ്രാമീണ പാതകളുടെ വികസനം ലക്ഷ്യമിട്ട് നിര്‍മിച്ച പാതക്കാണ് ഗതികേട്. റോഡ് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top